
‘യുപിഐ വേണ്ട, പണം മതി’; നികുതിപ്പേടിയിൽ ബംഗളൂരു, കടകളിൽ ഡിജിറ്റൽ പേയ്മെന്റിന് ‘വിലക്ക്’
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരുവിൽ ചെറുകിട വ്യാപാരികൾ ഡിജിറ്റൽ പണമിടപാടുകളിൽ നിന്ന് കൂട്ടത്തോടെ പിന്മാറുന്നു. ‘യുപിഐ ഇല്ല, പണം മാത്രം’ എന്നെഴുതിയ ബോർഡുകൾ നഗരത്തിലെ വഴിയോര ഭക്ഷണശാലകളിലും ചെറിയ കടകളിലും വ്യാപകമാവുകയാണ്. നികുതി വകുപ്പിൽ നിന്നുള്ള നോട്ടീസുകളെയും നടപടികളെയും ഭയന്നാണ് ഈ പിന്മാറ്റം.
ബംഗളൂരുവിലെ ആയിരക്കണക്കിന് ചെറുകിട, രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്ക് ജിഎസ്ടി വകുപ്പിൽ നിന്ന് അടുത്തിടെ നോട്ടീസുകൾ ലഭിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷം മുതലുള്ള യുപിഐ ഇടപാടുകൾ കണക്കാക്കി, പലർക്കും ലക്ഷക്കണക്കിന് രൂപ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് വ്യാപാരികൾക്കിടയിൽ ഭയം പടർന്നത്. ഇതോടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഒഴിവാക്കാൻ പലരും യുപിഐ ഇടപാടുകൾ നിർത്തി പണമായി മാത്രം കച്ചവടം നടത്താൻ തുടങ്ങി.
സർക്കാർ വാദം, മറുവാദം
ജിഎസ്ടി നിയമപ്രകാരം, സാധനങ്ങൾ വിൽക്കുന്നവരുടെ വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപയും സേവനങ്ങൾ നൽകുന്നവരുടേത് 20 ലക്ഷം രൂപയും കടന്നാൽ ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. യുപിഐ ഇടപാടുകളുടെ അടിസ്ഥാനത്തിൽ ഈ പരിധി കടന്നവർക്ക് മാത്രമാണ് നോട്ടീസ് നൽകിയതെന്നാണ് വാണിജ്യ നികുതി വകുപ്പിന്റെ വിശദീകരണം.
എന്നാൽ, യുപിഐ ഇടപാടുകൾ മാത്രം അടിസ്ഥാനമാക്കി വിറ്റുവരവ് കണക്കാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്ന് മുൻ അഡീഷണൽ കമ്മീഷണർ എച്ച്.ഡി. അരുൺ കുമാർ അഭിപ്രായപ്പെട്ടു. യുപിഐ വഴി ലഭിക്കുന്ന എല്ലാ പണവും കച്ചവടത്തിൽ നിന്നുള്ള വരുമാനമാകണമെന്നില്ലെന്നും, ചിലപ്പോൾ അത് സുഹൃത്തുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ലഭിക്കുന്ന പണമോ ചെറിയ വായ്പകളോ ആകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലം
കർണാടക സർക്കാർ 2025-26 സാമ്പത്തിക വർഷം 1.20 ലക്ഷം കോടി രൂപയുടെ നികുതി പിരിവാണ് ലക്ഷ്യമിടുന്നത്. 52,000 കോടി രൂപയുടെ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം, അടിസ്ഥാന സൗകര്യ വികസനത്തിനും സർക്കാരിന് പണം കണ്ടെത്തേണ്ടതുണ്ട്. ഈ സാമ്പത്തിക സമ്മർദ്ദമാണ് നികുതി പിരിവ് കർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.