AutomobileBusiness

‘നിങ്ങൾ വാങ്ങുന്നത് കാറല്ല, നികുതിയാണ്’; ഇന്ത്യയിൽ കാറുകൾക്ക് തീവിലയാകുന്നതിന്റെ കാരണം ഇതാണ്

ന്യൂഡൽഹി: അമേരിക്കയിൽ 32 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ടെസ്‌ല മോഡൽ Y കാറിന് ഇന്ത്യയിൽ നൽകേണ്ടി വരുന്നത് ഏകദേശം 61 ലക്ഷം രൂപ. ഈ ഭീമമായ വിലവ്യത്യാസത്തിന് പിന്നിലെ കാരണം വാഹനത്തിന്റെ യഥാർത്ഥ വിലയല്ല, മറിച്ച് പല തട്ടുകളിലായി ചുമത്തുന്ന ഭീമമായ നികുതികളാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് അനലിസ്റ്റായ സഞ്ജയ് യു. “നിങ്ങൾ ഒരു കാർ വാങ്ങുമ്പോൾ, യഥാർത്ഥത്തിൽ വാങ്ങുന്നത് നികുതിയുടെ ഒരു രസീതാണ്,” അദ്ദേഹം തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.

ഒരു വാഹനം വാങ്ങുമ്പോൾ സാധാരണക്കാരൻ അറിയാതെ പോകുന്ന നികുതിയുടെ സങ്കീർണ്ണമായ വലയെക്കുറിച്ചാണ് സഞ്ജയ് വിശദീകരിക്കുന്നത്. ഇന്ത്യയിൽ ഒരു കാർ വാങ്ങുമ്പോൾ അതിന്റെ പകുതിയിലധികം തുകയും പോകുന്നത് സർക്കാരിലേക്കാണ്.

നികുതിയുടെ കണക്ക് ഇങ്ങനെ: ഒരു കാറിന്റെ വിലയിൽ 28% ജിഎസ്ടി, വലിയ വാഹനങ്ങൾക്ക് 22% കോമ്പൻസേഷൻ സെസ്, 10% റോഡ് ടാക്സ്, ഇൻഷുറൻസിന്മേൽ 18% ജിഎസ്ടി എന്നിവയ്ക്ക് പുറമെ ഇറക്കുമതി തീരുവ, ഷിപ്പിംഗ്, രജിസ്ട്രേഷൻ ഫീസ് എന്നിവയും ഉൾപ്പെടുന്നു. “ഇതൊരു ഇലക്ട്രിക് വാഹനമായതിൽ ആശ്വസിക്കാം,” സഞ്ജയ് കൂട്ടിച്ചേർത്തു. പെട്രോൾ, ഡീസൽ വാഹനമാണെങ്കിൽ, ഏകദേശം 100% വരെ വരുന്ന ഇന്ധന നികുതിയും ഉപഭോക്താവിന്റെ തലയിലാകും.

റോഡുകളുടെ ശോചനീയാവസ്ഥയും അദ്ദേഹം വിമർശിക്കുന്നു. “എല്ലാ മഴക്കാലത്തും പുഴകളായി മാറുന്ന റോഡുകൾക്കാണ് നിങ്ങൾ റോഡ് നികുതി അടയ്ക്കുന്നത്,” അദ്ദേഹം കുറിച്ചു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴും, ഉയർന്ന നികുതി ഘടന സാധാരണക്കാരന്റെ ആഗ്രഹങ്ങളെ ശിക്ഷിക്കുകയാണെന്നും വിമർശകർ വാദിക്കുന്നു.

“അവസാനം നിങ്ങൾ ഒരു കാർ മാത്രമല്ല വാങ്ങുന്നത്, നികുതിയുടെ പല തട്ടുകളാണ്… നാല് ചക്രങ്ങളിൽ ഇന്ത്യയുടെ ജിഡിപി ഓടിക്കാൻ നിങ്ങൾക്ക് അഭിമാനിക്കാം,” എന്ന് പറഞ്ഞാണ് സഞ്ജയ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.