
തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംഘടനാ തലത്തിൽ ആരംഭിച്ച കോൺഗ്രസ് പാർട്ടിയിൽ അത്യപൂർവ്വ പട്ടികയും തയ്യാറായി. പതിവിന് വിപരീതമായി വിവിധ ജില്ലകളിൽ ജയസാധ്യത ഇല്ലാത്ത സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു.
തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് ജയസാധ്യതയില്ലാത്ത കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറായിരിക്കുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്വയം സ്ഥാനാർത്ഥികളായി പലരും രംഗത്തെത്തിയതോടെയാണ് ജയ സാധ്യതയില്ലാത്തവരുടെ ലിസ്റ്റ് കനഗോലു തയ്യാറാക്കിയത്. ചാനലുകളിലേയും സാമൂഹിക മാധ്യമങ്ങളിലേയും റിപ്പോർട്ടർമാരെയും മറ്റും സ്വാധീനിച്ച് തങ്ങളാണ് സ്ഥാനാർത്ഥികളെന്ന നിലയിൽ പലരും പ്രചരണവും ആരംഭിച്ചിട്ടുണ്ട്. നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാത്തവർ പോലും സ്ഥാനാർത്ഥികളായി ചാനൽ റിപ്പോർട്ടിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. ചാനൽ റിപ്പോർട്ടിങ്ങിൽ സ്ഥാനാർത്ഥികളായി ഇടം പിടിച്ച ഭൂരിഭാഗം പേരും ജയസാധ്യത ഇല്ലാത്ത സ്ഥാനാർത്ഥികളായി കനഗോലുവിന്റെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
ഉപതിരഞ്ഞെടുപ്പ് അല്ല നിയമസഭ തിരഞ്ഞെടുപ്പ്. ഭരണ വിരുദ്ധ വികാരം ശക്തമായതുകൊണ്ട് മാത്രം നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുകയില്ല എന്നും സ്ഥാനാർത്ഥികളുടെ മികവ് പ്രധാനമാണെന്നും കനഗോലു റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു. അതുകൊണ്ട് ജയസാധ്യത ഇല്ലാത്തവരെ പൂർണ്ണമായും ഒഴിവാക്കണമെന്ന് എ.ഐ.സി.സിക്ക് നൽകിയ റിപ്പോർട്ടിൽ കനഗൊലു വ്യക്തമാക്കുന്നു.
2001 ൽ 99 സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരത്തിൽ എത്തിയത്. 2011 ൽ അധികാരത്തിൽ എത്തിയെങ്കിലും യു.ഡി.എഫ് ജയിച്ചത് 72 സീറ്റിൽ മാത്രമാണ്. 2001 ൽ ആധികാരികമായിട്ടാണ് ജയിച്ചതെങ്കിൽ 2011 ലേത് തട്ടിക്കൂട്ട് ജയം മാത്രമായിരുന്നു. പിന്നിട് അധികാരം എന്നത് സ്വപ്‌നങ്ങൾ മാത്രമായി അവശേഷിച്ചു. രണ്ടാം പിണറായി സർക്കാർ ജനങ്ങളെ വെറുപ്പിക്കുന്നതിൽ ഗവേഷണം നടത്തിയതോടെയാണ് വീണ്ടും അധികാരത്തിൽ എത്താമെന്ന പ്രതീക്ഷ യു.ഡി.എഫ് ക്യാമ്പുകളിൽ നിറഞ്ഞത്.
യു.ഡി.എഫ് – കോൺഗ്രസ് നേതൃത്വങ്ങൾ അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിച്ചതോടെ ഭരണത്തിലേക്ക് എന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു. അതിനിടയിലാണ് സ്ഥാനാർത്ഥി മോഹികളുടെ പ്രളയം ഉണ്ടായത്. എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷണത്തിൽ ആണ് നിയമസഭ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടുക. ജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി വേറിട്ട തെരഞ്ഞെടുപ്പ് തന്ത്രം ഒരുക്കിയ കനഗോലുവിന് ജയസാധ്യതയുള്ള സ്ഥാനാർത്ഥികളിലേക്ക് എത്താൻ ഇനി എളുപ്പമാണ്.
കനഗോലുവിന്റെ ലിസ്റ്റ് കൂടി പരിശോധിച്ച ശേഷമാകും അന്തിമ സ്ഥാനാർത്ഥി ലിസ്റ്റ് തയ്യാറാക്കുക. ഉപതെരഞ്ഞെടുപ്പിലെ പോലെ മുൻകൂട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടുക എന്ന രീതിയിലായിരിക്കും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക.