
മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ മുംബൈയിലെ തന്റെ ആഡംബര അപ്പാർട്ട്മെന്റ് വിറ്റു. മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ ബാന്ദ്ര വെസ്റ്റിലുള്ള ഫ്ലാറ്റാണ് 5.35 കോടി രൂപയ്ക്ക് താരം വിറ്റത്. ചൊവ്വാഴ്ചയാണ് ഇടപാട് രജിസ്റ്റർ ചെയ്തത്.
1,318 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റിനൊപ്പം മൂന്ന് കാർ പാർക്കിംഗ് സൗകര്യങ്ങളും ഉൾപ്പെട്ടതാണ് ഈ വിൽപ്പന. ഇടപാടിനായി 32.01 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചതായി രജിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നു.
സിനിമാ താരങ്ങളും വ്യവസായ പ്രമുഖരും താമസിക്കുന്ന ബാന്ദ്ര വെസ്റ്റ്, മുംബൈയിലെ ഏറ്റവും ഉയർന്ന റിയൽ എസ്റ്റേറ്റ് മൂല്യമുള്ള സ്ഥലങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പ്രീമിയം അപ്പാർട്ട്മെന്റുകളും ബംഗ്ലാവുകളും ഉൾക്കൊള്ളുന്ന ഈ പ്രദേശം നിക്ഷേപകർക്കും താമസക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. സൽമാൻ ഖാന്റെ ഈ ഇടപാട് ബോളിവുഡിലെയും റിയൽ എസ്റ്റേറ്റ് രംഗത്തെയും പ്രധാന വാർത്തയായി മാറിയിരിക്കുകയാണ്.
ബോളിവുഡ് താരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയ വർഷമാണ് 2025.