FinanceNews

വിലക്കയറ്റത്തിൽ കേരളം ‘നമ്പർ വൺ’; ജനജീവിതം ദുസ്സഹം

തിരുവനന്തപുരം: രാജ്യത്ത് പണപ്പെരുപ്പം ആറര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നപ്പോള്‍, കേരളത്തിൽ വിലക്കയറ്റം കുതിച്ചുയരുന്നു. തുടർച്ചയായ ആറാം മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി. ഇത് സംസ്ഥാനത്തെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ദേശീയ തലത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 2.10 ശതമാനമായി കുറഞ്ഞപ്പോൾ, കേരളത്തിൽ ഇത് 6.71 ശതമാനമായാണ് ഉയർന്നത്.

ദേശീയ തലത്തിൽ ആശ്വാസം, കേരളത്തിൽ ആശങ്ക

രാജ്യത്ത് ഭക്ഷ്യവിലപ്പെരുപ്പം ഉൾപ്പെടെ കുറഞ്ഞത് വലിയ ആശ്വാസം നൽകുമ്പോഴാണ് കേരളത്തിന്റെ ഈ ആശങ്കാജനകമായ മുന്നേറ്റം. ദേശീയതലത്തിൽ പണപ്പെരുപ്പം കുറയുന്നതിനാൽ, റിസർവ് ബാങ്ക് പലിശനിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് ഭവന, വാഹന വായ്പകളുടെ പലിശ കുറയാൻ കാരണമാകും. എന്നാൽ, കേരളത്തിലെ ഉയർന്ന വിലക്കയറ്റം ഈ ആനുകൂല്യങ്ങളുടെ നേട്ടം ജനങ്ങൾക്ക് ലഭിക്കുന്നതിന് തടസ്സമായേക്കാം.

കേരളത്തിലെ ഗ്രാമീണ മേഖലകളിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷം. ഗ്രാമങ്ങളിലെ പണപ്പെരുപ്പം 7.31 ശതമാനമാണ്.

കേരളത്തിലെ കഴിഞ്ഞ മാസങ്ങളിലെ പണപ്പെരുപ്പക്കണക്ക്:

  • ജനുവരി: 6.79%
  • ഫെബ്രുവരി: 7.31%
  • മാർച്ച്: 6.59%
  • ഏപ്രിൽ: 5.94%
  • മേയ്: 6.46%
  • ജൂൺ: 6.71%

എന്തുകൊണ്ട് കേരളത്തിൽ വില കൂടുന്നു?

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്നതാണ് വിലക്കയറ്റം രൂക്ഷമാകാനുള്ള പ്രധാന കാരണം. പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. പ്രവാസി പണത്തിന്റെ ഒഴുക്ക് കൂടുതലുള്ളതിനാൽ, വിപണിയിലെ ഉപഭോഗവും കൂടുതലാണ്. ഇതും വിലക്കയറ്റത്തിന് കാരണമാകുന്നു.

പണപ്പെരുപ്പം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ:

  • പഞ്ചാബ്: 4.67%
  • ജമ്മു കശ്മീർ: 4.38%
  • ഉത്തരാഖണ്ഡ്: 3.40%
  • ഹരിയാന: 3.10%