
ഐടിസി ഹോട്ടൽസിന് ലാഭത്തിൽ 54% കുതിപ്പ്; ഓഹരി വില ഉയർന്നു
മുംബൈ: പ്രമുഖ ഹോട്ടൽ ശൃംഖലയായ ഐടിസി ഹോട്ടൽസ് 2025-26 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂൺ) മികച്ച പ്രകടനം കാഴ്ചവെച്ചു. കമ്പനിയുടെ അറ്റാദായത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വൻ വർധന രേഖപ്പെടുത്തി. ഇതോടെ ഒന്നാം പാദത്തിലെ അറ്റാദായം 133 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 87 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രവർത്തന വരുമാനം 15.5 ശതമാനം വർധിച്ച് 816 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇത് 706 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ മികച്ച വളർച്ച നേടിയെങ്കിലും, തൊട്ടു മുൻപത്തെ പാദവുമായി (ജനുവരി-മാർച്ച് 2025) താരതമ്യം ചെയ്യുമ്പോൾ ലാഭത്തിലും വരുമാനത്തിലും ഇടിവുണ്ടായി. നാലാം പാദത്തിലെ 257 കോടി രൂപയുടെ ലാഭത്തിൽ നിന്ന് 48 ശതമാനത്തിന്റെ കുറവാണ് ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയത്.
വാർഷിക വളർച്ചയുടെ കണക്കുകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ഐടിസി ഹോട്ടൽസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിക്ഷേപകർ ആവേശം കാണിച്ചതോടെ ഓഹരി വില ഏകദേശം 4 ശതമാനം ഉയർന്ന് എൻഎസ്ഇയിൽ ദിവസത്തെ ഉയർന്ന നിലവാരമായ 237 രൂപയിലെത്തി.
കമ്പനിയുടെ ഈ പാദത്തിലെ ആകെ ചെലവ് 675 കോടി രൂപയാണ്. ഇത് മുൻവർഷത്തെക്കാൾ 13% കൂടുതലാണ്. ഹോട്ടൽ ബിസിനസിൽ നിന്നുള്ള വരുമാനം 801 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അതേസമയം, റിയൽറ്റി ബിസിനസിൽ നിന്ന് ഈ പാദത്തിൽ വരുമാനം റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീലങ്കയിലെ കൊളംബോയിൽ നിർമ്മാണം പുരോഗമിക്കുന്ന ബ്രാൻഡഡ് റെസിഡൻസ് പ്രോജക്റ്റുകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ വിഭാഗത്തിലെ വരുമാനം രേഖപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.