
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ സി.വി. പത്മരാജൻ അന്തരിച്ചു. 94 വയസ്സായിരുന്നു. കെ. കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്ന അദ്ദേഹം, കേരള രാഷ്ട്രീയത്തിലെ സൗമ്യവും ശക്തവുമായ മുഖമായിരുന്നു.
ഇന്ദിരാഭവന്റെ ശില്പി
ഇന്ന് തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്ന കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സ്വന്തമായത് സി.വി. പത്മരാജന്റെ കാലത്താണ്. 1983-ൽ മന്ത്രിസ്ഥാനം രാജിവെച്ച് കെപിസിസി അധ്യക്ഷനായ അദ്ദേഹം, നന്ദാവനത്തെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടി ഓഫീസിന് സ്വന്തമായി ഒരിടം കണ്ടെത്താൻ മുന്നിട്ടിറങ്ങി. പ്രവർത്തകരിൽ നിന്ന് പണം പിരിച്ചെടുത്ത് ശാസ്തമംഗലത്തെ ‘പുരുഷോത്തമം’ എന്ന വീട് വാങ്ങുകയും അത് പാർട്ടിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.
അധികാരരംഗത്തെ നാഴികക്കല്ലുകൾ
1982-ൽ ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി.വി. പത്മരാജൻ, ആദ്യ ഊഴത്തിൽ തന്നെ മന്ത്രിയായി. ധനമന്ത്രിയായിരിക്കെ കേരള നിയമസഭയിൽ മിച്ച ബജറ്റ് അവതരിപ്പിച്ചുവെന്ന അപൂർവ്വ നേട്ടത്തിനും ഉടമയാണ്. കെ. കരുണാകരൻ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചുകൊണ്ട് ഭരണമികവും തെളിയിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്.