
സർക്കാർ സ്കൂളില്‍ അധ്യാപകരില്ല: സമരത്തിനൊരുങ്ങി സിപിഎം നേതാവ്; പൊതുവിദ്യാഭ്യാസ വകുപ്പിന് നാണക്കേട്
പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ലോകോത്തരമാണെന്ന സർക്കാർ അവകാശവാദങ്ങൾക്ക് തിരിച്ചടിയായി, മകൻ പഠിക്കുന്ന സർക്കാർ എയ്ഡഡ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി സിപിഎം ലോക്കൽ സെക്രട്ടറി. പത്തനംതിട്ട കുന്നന്താനം നോർത്ത് ലോക്കൽ സെക്രട്ടറി എസ്.വി. സുബിനാണ് വരുന്ന തിങ്കളാഴ്ച (ജൂലൈ 21) സ്കൂളിന് മുന്നിൽ കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചത്. പാർട്ടിയുടെ പ്രാദേശിക നേതാവ് തന്നെ ഭരണകൂടത്തിന്റെ വീഴ്ചയ്ക്കെതിരെ രംഗത്തിറങ്ങുന്നത് സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കനത്ത ക്ഷീണമായി.
കുന്നന്താനം പാലയ്ക്കൽത്തകിടി സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സുബിന്റെ മകൻ. അധ്യയന വർഷം തുടങ്ങി ഒന്നര മാസം പിന്നിട്ടിട്ടും ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്ഥിരം അധ്യാപകരില്ല. നിലവിൽ സോഷ്യൽ സയൻസ് അധ്യാപികയാണ് ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഒന്നര മാസം കൊണ്ട് ആദ്യ പാഠത്തിലെ രണ്ട് ഖണ്ഡിക മാത്രമാണ് പഠിപ്പിച്ചതെന്നും ഇത് വിദ്യാർത്ഥികളുടെ ഭാവിയെ സാരമായി ബാധിക്കുമെന്നും സുബിൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
താൽക്കാലിക അധ്യാപകനെയെങ്കിലും നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സ്കൂൾ ഹെഡ്മാസ്റ്റർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും പിടിഎ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. പാർട്ടി നേതാവ് എന്ന നിലയിലല്ല, ഒരു രക്ഷിതാവ് എന്ന നിലയിലാണ് തന്റെ സമരമെന്നും സുബിൻ വ്യക്തമാക്കുന്നു. സിപിഎം നേതാവിന്റെ ഈ സമരത്തിന് എബിവിപി പിന്തുണ പ്രഖ്യാപിച്ചത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ജൂലൈ 18-നകം അധ്യാപകനെ നിയമിച്ചില്ലെങ്കിൽ 21-ന് കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്. സുബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ നിരവധി പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പാർട്ടി നേതാവിന്റെ പരാതിയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.