
“ഈ വീട് വേണ്ട, ഇറങ്ങുകയാണ്”; കൊല്ലം സുധിയുടെ ഭാര്യയും കുടുംബവും, നിർമ്മാണത്തിൽ അപാകതയെന്ന് ആരോപണം
വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ കുട്ടികൾക്കായി നിർമ്മിച്ചുനൽകിയ വീട്ടിൽ താമസിക്കാൻ കഴിയില്ലെന്നും, അപമാനം സഹിച്ച് അവിടെ തുടരേണ്ടതില്ലെന്നും ഭാര്യ രേണുവും പിതാവ് തങ്കച്ചനും. വീടിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്നും, ഭിത്തികൾ ചോർന്നൊലിക്കുകയാണെന്നും ഇരുവരും ആരോപിച്ചു. പരാതി പറഞ്ഞപ്പോൾ, വീട് ഇടിച്ചുനിരത്തുമെന്ന് നിർമ്മാതാവിന്റെ എൻജിനീയർ ഭീഷണിപ്പെടുത്തിയതായും രേണുവിന്റെ പിതാവ് തങ്കച്ചൻ വെളിപ്പെടുത്തി.
കെഎച്ച്ഇഡിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫിറോസ് എന്നയാളാണ് സുധിയുടെ മക്കൾക്കായി വീട് നിർമ്മിച്ച് നൽകിയത്. എന്നാൽ, വീട് നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഭിത്തിയിൽ ആണിയടിക്കാൻ പോലും പറ്റുന്നില്ല
“ഈ വീട് തേച്ചിരിക്കുന്നത് സിമന്റും മണലും ഇല്ലാതെ, കുമ്മായം പോലുള്ള ഒരു പൊടി ഉപയോഗിച്ചാണ്. ഒരു ആണി അടിക്കാൻ പോലും ഈ ഭിത്തിയിൽ പറ്റില്ല. ഫാൻ ഒന്നര ഇഞ്ചിന്റെ ആണിയിലാണ് തൂക്കിയിരുന്നത്. അത് എന്റെ നെഞ്ചിൽ പൊട്ടിവീണു,” എന്ന് തങ്കച്ചൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വാഷ് ബേസിനും ഇതേപോലെ അടർന്നുവീണു. മഴ പെയ്യുമ്പോൾ വീടിനകത്തേക്ക് വെള്ളം അടിച്ചു കയറുന്നുണ്ടെന്നും, തേപ്പ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് ഒഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം കഴിഞ്ഞിട്ടും വീടിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് പോലും നൽകിയിട്ടില്ല. ഇത് ചോദിച്ചപ്പോൾ, ഇനി സർട്ടിഫിക്കറ്റ് തരില്ലെന്നും, വേണമെങ്കിൽ സ്വന്തമായി ഉണ്ടാക്കിക്കോളാനുമാണ് നിർമ്മാതാവായ ഫിറോസ് പറഞ്ഞതെന്നും തങ്കച്ചൻ ആരോപിച്ചു.
വീട് മാറാൻ ഒരുങ്ങുന്നു
നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് പറഞ്ഞപ്പോൾ, രേണു കള്ളം പറയുകയാണെന്ന് ഫിറോസ് പ്രതികരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബം ഇപ്പോൾ വീട് മാറാൻ തീരുമാനിച്ചിരിക്കുന്നത്. “ഞങ്ങൾക്ക് ഇവരുടെ വീടും വേണ്ട ഒന്നും വേണ്ട, ഞങ്ങൾ നാളെ ഇവിടെനിന്ന് പോവുകയാണ്. ഈ സഹായം കിട്ടിയതുകൊണ്ട് ഞങ്ങൾക്ക് ഭയങ്കര മനപ്രയാസമാണ് ഉണ്ടായത്. ഇവിടെ സമാധാനമില്ല,” എന്ന് തങ്കച്ചൻ പറഞ്ഞു.
“ഈ വീട്ടിലെ ഓരോ സാധനവും ഓരോരുത്തർ സ്പോൺസർ ചെയ്തതാണെന്നാണ് ഫിറോസ് പറഞ്ഞത്. ഈ പൈസ മുടക്കിയവരും ഞങ്ങളുടെ വീട് കാണണം. സുധിയുടെ മക്കൾക്കാണ് ഈ വീട്, വേറെ ആർക്കും അവകാശമില്ല. എന്നിട്ടും എന്തിനാണ് ഞങ്ങളെ ഉപദ്രവിക്കുന്നത്?” അദ്ദേഹം ചോദിച്ചു.