CrimeKerala

പ്രണയം നടിച്ച് ലഹരി നൽകി പെൺവാണിഭം; കൊച്ചിയിൽ വൻ റാക്കറ്റ് പിടിയിൽ, രക്ഷിച്ചത് 6 യുവതികളെ

കൊച്ചി: നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടി. പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി, ലഹരി നൽകി അനാശാസ്യ കേന്ദ്രങ്ങളിൽ എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. എറണാകുളം സൗത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികളെ രക്ഷപ്പെടുത്തി. സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി അക്‌ബർ അലിയെയും, ഇടപാടുകാരനടക്കം മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഓപ്പറേഷൻ നടന്നത് ഇങ്ങനെ

ഇടപ്പള്ളിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കടയുടെ മറവിൽ അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് നിർണായകമായത്. തുടർന്ന്, എളമക്കര, കടവന്ത്ര പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇടപ്പള്ളിയിൽ നിന്ന് അക്‌ബർ അലിയെ പിടികൂടുകയായിരുന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഇവർക്ക് മറ്റൊരു ‘ബ്രാഞ്ച്’ കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയത്. വൈകുന്നേരം ഇവിടെ നടത്തിയ പരിശോധനയിലാണ് ആറ് യുവതികളെ രക്ഷപ്പെടുത്തിയത്.

ഇരയായവരിൽ വിദ്യാർത്ഥിനികളും

നഗരത്തിലെ ചില കോളേജ് വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും ഈ റാക്കറ്റിൽ കുടുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിച്ചാൽ, പ്രതികൾക്കെതിരെ പോക്സോ വകുപ്പ് കൂടി ചുമത്തും. ഓൺലൈൻ സൈറ്റുകളിൽ നമ്പർ നൽകിയായിരുന്നു സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

കൊച്ചി നഗരത്തിൽ അനധികൃത മസാജ് കേന്ദ്രങ്ങളുടെ മറവിൽ നൂറിലധികം അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുൻപ് കണ്ടെത്തിയിരുന്നു.