CrimeKerala

കൊച്ചിയിൽ യുവതിയടക്കം നാല് പേർ എംഡിഎംഎയുമായി പിടിയിൽ

കൊച്ചി: നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് വിൽപ്പനയിൽ ഒരു സംഘം കൂടി പിടിയിൽ. വൈറ്റിലയ്ക്കും കടവന്ത്രയ്ക്കും ഇടയിലുള്ള എളംകുളം മെട്രോ സ്റ്റേഷന് സമീപമുള്ള ഫ്ലാറ്റിൽ നിന്ന്, യുവതിയടക്കം നാല് പേരെയാണ് വൻ ലഹരിമരുന്ന് ശേഖരവുമായി പോലീസ് പിടികൂടിയത്.

മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശികളായ സി.പി. അബു ഷാമിൽ, ദിയ എസ്.കെ. എന്നിവരാണ് നർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.

ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സ്റ്റസി ഗുളികകൾ, 2 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

പഠനത്തിനെത്തി, ഒപ്പം ലഹരി കച്ചവടവും

പ്രതികളിലൊരാൾ വിദ്യാഭ്യാസ ആവശ്യത്തിനായി നഗരത്തിലെത്തി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു. പിന്നീട്, മറ്റ് സുഹൃത്തുക്കളും ഇവിടെയെത്തി ഒരുമിച്ച് താമസിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന വ്യാപകമാകുന്നുവെന്ന വിവരത്തെ തുടർന്ന്, ഡാൻസാഫ് സംഘം സംശയമുള്ള ഫ്ലാറ്റുകൾ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ രഹസ്യപരിശോധനയിലാണ് സംഘം കുടുങ്ങിയത്. അടുത്തിടെ, സിനിമ പിആർ മേഖലയിൽ പ്രവർത്തിക്കുന്ന റിൻസി മുംതാസിനെയും സമാനമായ രീതിയിൽ എംഡിഎംഎയുമായി ഒരു ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.