BusinessNews

‘നാട്ടിൽ പുലി, പുറത്ത് പൂജ്യം’; ഇന്ത്യൻ വളർച്ചയെ ചോദ്യം ചെയ്ത് രഘുറാം രാജൻ, പൊള്ളയായ നേട്ടമെന്ന് വിമർശനം

ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറാൻ ഒരുങ്ങുമ്പോൾ, ഈ വളർച്ച പൊള്ളയാണെന്ന രൂക്ഷ വിമർശനവുമായി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. നൂതനാശയങ്ങളിലും ആഗോളതലത്തിൽ അറിയപ്പെടുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടാൽ, സാമ്പത്തിക വളർച്ചയുടെ കണക്കുകൾക്ക് വലിയ പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിലാണ് രഘുറാം രാജന്റെ ഈ നിരീക്ഷണങ്ങൾ.

“നാട്ടിൽ പുലികളും, ആഗോളതലത്തിൽ പൂജ്യവുമാണ്” ഇന്ത്യൻ കമ്പനികളുടെ അവസ്ഥയെന്ന് അദ്ദേഹം പരിഹസിക്കുന്നു. സോണി, ടൊയോട്ട, മെഴ്‌സിഡസ്, ടിക് ടോക് തുടങ്ങിയ ആഗോള ഭീമന്മാർക്ക് സമാനമായ ഒരൊറ്റ ഇന്ത്യൻ കമ്പനി പോലും ലോക വിപണിയിൽ ഇല്ലെന്ന് അദ്ദേഹം പറയുന്നു.

‘റിസ്ക് ഇല്ലാത്ത മുതലാളിത്തം’ എന്ന കെണി

ഇന്ത്യയിലെ കോർപ്പറേറ്റ് ഇക്കോസിസ്റ്റം, സർക്കാരിന്റെ അമിതമായ സംരക്ഷണയിൽ “റിസ്ക് ഇല്ലാത്ത മുതലാളിത്തം” എന്ന അവസ്ഥയിലാണെന്ന് രഘുറാം രാജൻ കുറ്റപ്പെടുത്തുന്നു. ഉയർന്ന താരിഫുകൾ ചുമത്തി വിദേശ ഇറക്കുമതികളെ തടയുന്നതും, വാൾമാർട്ട് പോലുള്ള വിദേശ നിക്ഷേപകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ആഭ്യന്തര കമ്പനികളിലെ മത്സര മനോഭാവം ഇല്ലാതാക്കുകയാണ്. “സ്ഥിരമായ അനുകരണം കൊണ്ട് ആഭ്യന്തര വിപണിയിൽ തൃപ്തികരമായ ലാഭം നേടാൻ കഴിയുമ്പോൾ, എന്തിനാണ് നൂതനാശയങ്ങൾക്കായി ശ്രമിക്കുന്നത്?” എന്ന് അദ്ദേഹം ചോദിക്കുന്നു.

ഇന്ത്യയുടെ ആഭ്യന്തര വിപണി വലുതാകുന്തോറും, കമ്പനികൾ വലുതാകുന്നു, പക്ഷെ മികച്ചതാകുന്നില്ല. ഇത് അലംഭാവത്തിന് കാരണമാകുന്നു.

വളർച്ചയില്ലാത്ത പ്രധാന മേഖലകൾ

ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള ഫാർമസ്യൂട്ടിക്കൽസ്, ഐടി തുടങ്ങിയ മേഖലകൾ പോലും പ്രതീക്ഷിച്ചത്ര വളർന്നിട്ടില്ലെന്ന് രാജൻ വാദിക്കുന്നു. ഇന്ത്യൻ ഫാർമ കമ്പനികൾ ജനറിക് മരുന്നുകളുടെ കയറ്റുമതിയിൽ ശക്തരാണെങ്കിലും, പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതിൽ പരാജയപ്പെട്ടു. അതുപോലെ, ഇന്ത്യൻ സോഫ്റ്റ്‌വെയർ വ്യവസായത്തിനും ടിക് ടോക്, ചാറ്റ്ജിപിടി, ഫോർട്ട്‌നൈറ്റ് പോലുള്ള ആഗോളതലത്തിൽ സ്വാധീനമുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പരിഹാരം നൂതനാശയങ്ങൾ

സർവകലാശാലാ തലത്തിലുള്ള ഗവേഷണങ്ങളുടെ അഭാവവും, കണ്ടുപിടുത്തങ്ങളെ വാണിജ്യവൽക്കരിക്കാനുള്ള മോശം സാഹചര്യങ്ങളുമാണ് പ്രധാന തടസ്സങ്ങൾ. “പ്രായം കൂടും മുൻപ് ഒരു രാജ്യമെന്ന നിലയിൽ സമ്പന്നരാകണമെങ്കിൽ, കൂടുതൽ നൂതനാശയങ്ങൾ സൃഷ്ടിച്ച് ജിഡിപി വളർച്ച വർധിപ്പിക്കണം,” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുക എന്നതിലുപരി, ഏറ്റവും നൂതനമായ രാജ്യങ്ങളിലൊന്നായി മാറുക എന്നതായിരിക്കണം ഇന്ത്യയുടെ യഥാർത്ഥ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.