
ന്യൂഡൽഹി: ഭവന വായ്പ, വാഹന വായ്പ, പ്രീമിയം ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ പലർക്കും തിരിച്ചടി നേരിടേണ്ടി വരാറുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കുറഞ്ഞ ക്രെഡിറ്റ് സ്കോറാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം അളക്കുന്ന ഒരു മാനദണ്ഡമാണിത്. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വായ്പകൾ എളുപ്പത്തിൽ ലഭിക്കുക മാത്രമല്ല, കുറഞ്ഞ പലിശ നിരക്കിന്റെ ആനുകൂല്യവും നേടാം.
800-ന് മുകളിലുള്ള സ്കോർ ഏറ്റവും മികച്ചതായും, 670-നും 739-നും ഇടയിലുള്ളത് നല്ലതായും കണക്കാക്കുന്നു. എന്നാൽ, 600-ൽ താഴെയുള്ള സ്കോർ നിങ്ങളുടെ സാമ്പത്തിക ഭാവിയെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തി 800-ന് മുകളിലെത്തിക്കാൻ സഹായിക്കുന്ന 5 വഴികൾ സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നു.
1. തിരിച്ചടവുകൾ കൃത്യസമയത്ത്, പൂർണ്ണമായി
ക്രെഡിറ്റ് സ്കോറിനെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം നിങ്ങളുടെ തിരിച്ചടവ് ചരിത്രമാണ്. ഇഎംഐകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് പൂർണ്ണമായി അടയ്ക്കുന്നത് ശീലമാക്കുക. ഒരു തവണയെങ്കിലും പണമടയ്ക്കാൻ വൈകുന്നത് സ്കോറിനെ കാര്യമായി ബാധിക്കും. ക്രെഡിറ്റ് കാർഡിന്റെ മിനിമം തുക മാത്രം അടയ്ക്കുന്നതും പതിവാക്കരുത്. ഇത് നിങ്ങൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന സൂചന നൽകും.
2. ചെറിയ സുരക്ഷിത വായ്പകൾ എടുക്കുക
ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ സാധാരണ വായ്പകൾ ലഭിക്കാൻ പ്രയാസമാണ്. ഈ സാഹചര്യത്തിൽ, സ്വർണ്ണം, സ്ഥിരനിക്ഷേപം (FD) എന്നിവ ഈട് വെച്ച് ചെറിയ സുരക്ഷിത വായ്പകൾ എടുക്കുക. ഈ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ സ്കോർ പടിപടിയായി മെച്ചപ്പെടുത്താൻ സഹായിക്കും.
3. ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ ശ്രദ്ധിക്കാം
നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ ആകെ പരിധിയുടെ എത്ര ശതമാനം നിങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ. ഇത് 30-40 ശതമാനത്തിൽ താഴെ നിർത്താൻ എപ്പോഴും ശ്രമിക്കുക. ഒരു കാർഡിന്റെ പരിധി മുഴുവൻ ഉപയോഗിക്കുന്നതിന് പകരം, ചെലവുകൾ പല കാർഡുകളിലായി വിഭജിക്കുന്നത് ഈ അനുപാതം കുറയ്ക്കാൻ സഹായിക്കും.
4. ഇഎംഐ കൺവേർഷനുകൾ ഒഴിവാക്കാം
വലിയ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഇഎംഐ ആക്കി മാറ്റുന്നത് സൗകര്യപ്രദമായി തോന്നാമെങ്കിലും, ഇത് പതിവായി ചെയ്യുന്നത് നിങ്ങളുടെ സ്കോറിനെ ദോഷകരമായി ബാധിക്കും. നിങ്ങൾക്ക് ഒറ്റത്തവണയായി ബിൽ അടയ്ക്കാൻ കഴിയുന്നില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്. അത്യാവശ്യമാണെങ്കിൽ, ക്രെഡിറ്റ് കാർഡ് ഇഎംഐയെക്കാൾ പലിശ കുറഞ്ഞ വ്യക്തിഗത വായ്പ (Personal Loan) എടുക്കുന്നതാണ് ഉചിതം.
5. കുടിശ്ശികയുള്ള ലോണുകൾ കൈകാര്യം ചെയ്യുക
പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ പുതിയ വായ്പകൾ എടുക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളെ ഒരു കടക്കെണിയിലേക്ക് തള്ളിവിടും. പകരം, ഉയർന്ന പലിശയുള്ള ചെറിയ വായ്പകൾ ആദ്യം അടച്ചുതീർക്കാൻ ശ്രമിക്കുക. സാഹചര്യം കൈവിട്ടുപോകുന്നുവെന്ന് തോന്നിയാൽ, ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുക.