
തിരുവനന്തപുരം: നിരവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതിയായി 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ജയകുമാർ (55) എന്നയാളാണ് കാമുകിയെ കാണാൻ എത്തിയപ്പോൾ പോലീസിന്റെ വലയിലായത്. മൊബൈൽ ഫോൺ ഉൾപ്പെടെ ഒരുതരത്തിലുള്ള സാങ്കേതികവിദ്യയും ഉപയോഗിക്കാതെ, നിരന്തരം പേരും വേഷവും മാറ്റി പോലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു ഇയാൾ.
1996-ൽ ഒരു വീട്ടിൽ നിന്ന് 10 പവനിൽ അധികം സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ജയകുമാർ ഒളിവിൽ പോയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തിരുവനന്തപുരം ജില്ലയിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ നിർമ്മാണത്തൊഴിലാളിയായി വേഷംമാറി ജീവിച്ചുവരികയായിരുന്നു.
കാട്ടാക്കടയിലുള്ള ഒരു വനിതാ സുഹൃത്തിനെ കാണാൻ പ്രതി എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടാൻ വലവിരിച്ചത്. പാറശാല എസ്ഐ ദീപു എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, കെട്ടിടം വളഞ്ഞ് ഞായറാഴ്ച പുലർച്ചെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ അടുത്ത ദിവസം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസവും, 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഒരു കൊലക്കേസ് പ്രതിയെ പാറശാല പൊലീസ് പിടികൂടിയിരുന്നു. ധനുവച്ചപുരം പ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജപ്പനെയാണ് അന്ന് അറസ്റ്റ് ചെയ്തത്. തുടർച്ചയായി പിടികിട്ടാപ്പുള്ളികളെ വലയിലാക്കി മികച്ച പ്രകടനമാണ് പാറശാല പോലീസ് കാഴ്ചവെക്കുന്നത്.