BusinessScience

ചൊവ്വയിൽ നിന്നൊരു കഷ്ണം ഭൂമിയിൽ ലേലത്തിന്; വില കോടികൾ, ഭൂമിയിൽ കണ്ടെത്തിയതിൽ ഏറ്റവും വലുത്

ന്യൂയോർക്ക്: ഭൂമിയിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ചൊവ്വാ ഗ്രഹത്തിന്റെ ഭാഗം (ഉൽക്ക) ലേലത്തിന് വെക്കുന്നു. ന്യൂയോർക്കിലെ പ്രശസ്തമായ സോത്ത്ബീസ് ലേല സ്ഥാപനമാണ്, 25 കിലോഗ്രാം ഭാരമുള്ള ഈ ചൊവ്വാ ശില ലേലത്തിൽ വെക്കുന്നത്. രണ്ട് മുതൽ നാല് ദശലക്ഷം ഡോളർ വരെയാണ് (ഏകദേശം 16.6 കോടി രൂപ മുതൽ 33.2 കോടി രൂപ വരെ) ഇതിന് വില പ്രതീക്ഷിക്കുന്നത്.

NWA 16788 എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ ഉൽക്ക, സോത്ത്ബീസിന്റെ വാർഷിക ‘ഗീക്ക് വീക്ക് 2025’ ലേലത്തിലെ പ്രധാന ആകർഷണമാണ്. വലുപ്പത്തിൽ മാത്രമല്ല, ഭൂമിയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള ചൊവ്വയിൽ നിന്നുള്ള വസ്തുക്കളുടെ ആകെ ഭാരത്തിന്റെ 7 ശതമാനത്തോളം വരുമെന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

സഹാറയിൽ നിന്ന് ന്യൂയോർക്കിലേക്ക്

ചൊവ്വയുടെ ഉപരിതലത്തിൽ ഭീമാകാരമായ ഒരു ഛിന്നഗ്രഹം ഇടിച്ചതിന്റെ ഫലമായി ബഹിരാകാശത്തേക്ക് തെറിച്ചുപോയ ശിലാഭാഗമാണിതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ലക്ഷക്കണക്കിന് വർഷങ്ങൾ ബഹിരാകാശത്ത് സഞ്ചരിച്ച ഇത്, പിന്നീട് ഭൂമിയുടെ ആകർഷണ വലയത്തിൽപ്പെടുകയും, സഹാറ മരുഭൂമിയിൽ പതിക്കുകയുമായിരുന്നു. 2023 നവംബറിൽ നൈജറിൽ നിന്നാണ് ഒരു ഉൽക്കാവേട്ടക്കാരൻ ഇത് കണ്ടെത്തുന്നത്.

ഈ ശിലയുടെ ഒരു ചെറിയ ഭാഗം മുറിച്ചെടുത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത് ചൊവ്വയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചത്. 1976-ലെ നാസയുടെ വൈക്കിംഗ് ലാൻഡർ ദൗത്യത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുമായി ഇതിന്റെ രാസഘടന ഒത്തുപോകുന്നുണ്ട്.

ലേലത്തിലെ ദിനോസർ അസ്ഥികൂടം

ചൊവ്വാ ശിലയ്ക്ക് പുറമെ, മറ്റൊരു പ്രധാന ആകർഷണം കൂടിയുണ്ട് ഈ ലേലത്തിൽ. ഏകദേശം 15 കോടി വർഷം പഴക്കമുള്ള, ഒരു കുട്ടിയാനയുടെ വലുപ്പമുള്ള സെറാറ്റോസോറസ് ദിനോസറിന്റെ പൂർണ്ണമായ അസ്ഥികൂടമാണിത്. 1996-ൽ അമേരിക്കയിലെ വ്യോമിംഗിൽ നിന്നാണ് ഇത് കണ്ടെത്തിയത്. നാല് മുതൽ ആറ് ദശലക്ഷം ഡോളർ വരെയാണ് (ഏകദേശം 33.2 കോടി രൂപ മുതൽ 49.8 കോടി രൂപ വരെ) ഇതിന് വില പ്രതീക്ഷിക്കുന്നത്.