IndiaNews

സവർക്കർക്കെതിരായ അപകീർത്തി പരാമർശം: രാഹുൽ ഗാന്ധി കുറ്റം നിഷേധിച്ചു; ഇനി വിചാരണ നേരിടണം

പുണെ: വിനായക് ദാമോദർ സവർക്കർക്കെതിരെ ലണ്ടനിൽ വെച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റം നിഷേധിച്ചു. പുണെയിലെ പ്രത്യേക കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകൻ മിലിന്ദ് പവാർ അറിയിച്ചു. ഇതോടെ കേസിൽ രാഹുൽ ഗാന്ധി വിചാരണ നേരിടേണ്ടിവരും.

രാഹുൽ ഗാന്ധിക്ക് നേരിട്ട് ഹാജരാകാൻ കഴിയാത്തതിനാൽ, അദ്ദേഹത്തിന്റെ അപേക്ഷ പ്രകാരം അഭിഭാഷകൻ മുഖേനയാണ് പ്രത്യേക ജഡ്ജി അമോൽ ഷിൻഡെ കുറ്റം നിഷേധിക്കുന്നതായുള്ള വാദം രേഖപ്പെടുത്തിയത്. പരാതിയും അനുബന്ധ രേഖകളും പ്രകാരം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500-ാം വകുപ്പ് (അപകീർത്തിപ്പെടുത്തൽ) പ്രകാരം വിചാരണ നേരിടേണ്ടിവരുമെന്ന് കോടതി രാഹുലിന്റെ അഭിഭാഷകനെ അറിയിച്ചു. കുറ്റം സമ്മതിക്കുന്നുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന്, “ഇല്ല, ഞാൻ കുറ്റം സമ്മതിക്കുന്നില്ല,” എന്ന് രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകൻ മറുപടി നൽകി.

കേസിനാസ്പദമായ സംഭവം

സവർക്കറുടെ ചെറുമകനായ സത്യാകി സവർക്കറാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2023 മാർച്ച് 5-ന് ലണ്ടനിൽ ഓവർസീസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, രാഹുൽ ഗാന്ധി സവർക്കർക്കെതിരെ മനഃപൂർവം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

താനും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം പുരുഷനെ മർദ്ദിച്ചതായും അതിൽ സന്തോഷം കണ്ടെത്തിയതായും സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ തെറ്റായി ആരോപിച്ചുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തരമൊരു സംഭവം നടക്കുകയോ സവർക്കർ ഏതെങ്കിലും പുസ്തകത്തിൽ ഇങ്ങനെയൊരു കാര്യം എഴുതുകയോ ചെയ്തിട്ടില്ല. സവർക്കറുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും പരാതിക്കാരനും കുടുംബത്തിനും മാനസിക വിഷമമുണ്ടാക്കാനും വേണ്ടിയാണ് രാഹുൽ ഈ പരാമർശം നടത്തിയതെന്നും സത്യാകി സവർക്കർ ആരോപിക്കുന്നു.

പ്രസംഗത്തിന്റെ വാർത്താ റിപ്പോർട്ടുകളും യൂട്യൂബ് ലിങ്കുകളും തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഐപിസി 500-ാം വകുപ്പ് പ്രകാരം രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകണമെന്നും ക്രിമിനൽ നടപടിച്ചട്ടം 357 പ്രകാരം പരമാവധി നഷ്ടപരിഹാരം ഈടാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.