
പാലക്കാട്ടെ കാർ തീപിടിത്തം; പൊള്ളലേറ്റ രണ്ട് കുരുന്നുകളും മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
പാലക്കാട്: പൊൽപ്പുള്ളിയിൽ കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് സഹോദരങ്ങളും മരണത്തിന് കീഴടങ്ങി. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ എമിലീന മരിയ മാർട്ടിൻ (4), ആൽഫിൻ (6) എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ കുട്ടികളുടെ അമ്മ എൽസിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി, ജോലി കഴിഞ്ഞ് വീട്ടിലെത്തി ഒരു മണിക്കൂറിന് ശേഷം മക്കളോടൊപ്പം പുറത്തുപോകാനായി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുകയായിരുന്നു. ഉടൻ തന്നെ കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു.
ശരീരമാസകലം തീ ആളിപ്പടർന്നിട്ടും, സ്വന്തം ജീവൻ അവഗണിച്ച് എൽസി തന്നെയാണ് രണ്ട് മക്കളെയും കാറിൽ നിന്ന് പുറത്തെത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എൽസിയുടെ അമ്മ ഡെയ്സിക്കും, മൂത്തമകൾ അലീനയ്ക്കും (10) പൊള്ളലേറ്റത്. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബഹളം കേട്ടെത്തിയ നാട്ടുകാർ സമീപത്തെ കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിന്റെ ദുരന്തം
ഒന്നര മാസം മുൻപാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ അർബുദത്തെ തുടർന്ന് മരിച്ചത്. ഭർത്താവിന്റെ മരണത്തിന്റെ വേദന മാറും മുൻപേയാണ് ഈ കുടുംബത്തെ തേടി പുതിയ ദുരന്തമെത്തിയത്. അട്ടപ്പാടി സ്വദേശികളായ ഇവർ അഞ്ച് വർഷം മുൻപാണ് പൊൽപ്പുള്ളിയിൽ താമസമാക്കിയത്. ഒരു നിമിഷം കൊണ്ട് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് തീനാളങ്ങൾ കവർന്നെടുത്തത്.