Kerala Government News

അന്ധവിശ്വാസത്തിന് വിട: മന്‍മോഹന്‍ ബംഗ്ലാവില്‍ മന്ത്രി സജി ചെറിയാന്‍ താമസം തുടങ്ങി; ഔദ്യോഗിക വസതിയില്‍ ഏഴ് താല്‍ക്കാലിക ജീവനക്കാര്‍

രാശിയില്ലെന്ന പേരുദോഷമുള്ള മൻമോഹൻ ബംഗ്ലാവ് ഒടുവിൽ നാഥനായി. വാടക വീട്ടിൽ നിന്ന് മൻമോഹൻ ബംഗ്ലാവിലേക്ക് താമസം മാറ്റി മന്ത്രി സജി ചെറിയാൻ. ഇതിന് മുമ്പ് ആൻ്റണി രാജുവിൻ്റെ ഔദ്യോഗിക വസതിയായിരുന്നു മൻമോഹൻ ബംഗ്ലാവ്. മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ ‘അധികം വാഴില്ലെന്നാണ്’ അന്ധവിശ്വാസം. തൈക്കാട് ഈശ്വരവിലാസം റെസിഡന്റ്സ് അസോസിയേഷനിലെ 392-ാം നമ്പർ വീടായിരുന്നു സജി ചെറിയാൻ്റെ ഔദ്യോഗിക വസതി. 85000 രൂപയായിരുന്നു മാസവാടക. മൻമോഹൻ ബംഗ്ലാവിലെ ജോലിക്കായി 7 താൽക്കാലിക ജീവനക്കാരെയും അനുവദിച്ചിട്ടുണ്ട്.

ഒന്നാം പിണറായി സർക്കാരിൽ തോമസ് ഐസക്ക് മൻമോഹൻ ബംഗ്ലാവിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. പക്ഷേ, ഐസക്കിന് 2021 ൽ സീറ്റ് ലഭിച്ചില്ല. 2021 ൽ മൻമോഹൻ ബംഗ്ലാവിൽ താമസിച്ച ആൻ്റണി രാജു രണ്ടര വർഷം കഴിഞ്ഞപ്പോൾ രാജി വയ്ക്കേണ്ടി വന്നു. പഞ്ചാബ് മോഡൽ പ്രസംഗത്തിൻ്റെ പേരിൽ രാജി വയ്ക്കേണ്ടി വന്ന ബാലകൃഷ്ണപിള്ളയുടെ ഔദ്യോഗിക വസതിയും മൻമോഹൻ ബംഗ്ലാവ് ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും ഒരു മാസത്തിനുള്ളിൽ മൻമോഹൻ ബംഗ്ലാവിൽ നിന്ന് ഇറങ്ങേണ്ടി വന്നു.

മൻമോഹൻ ബംഗ്ലാവ്

വി.എസ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത്. കോടിയേരി ബംഗ്ലാവില്‍ താമസം തുടങ്ങിയതിന് പിന്നാലെ വീടിനും ഗേറ്റിനും മാറ്റങ്ങള്‍ വരുത്താന്‍ 17.40 ലക്ഷം രൂപ ചെലവിട്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെ കോടിയേരി മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നും താമസം സമീപത്തെ ഫ്‌ളാറ്റിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള മന്‍മോഹന്‍ ബംഗ്ലാവില്‍ താമസം ആരംഭിച്ചു.

എന്നാല്‍ ഭൂമിയിടപാടിലെ ക്രമക്കേടിന്റെ പേരില്‍ 2007 സെപ്തംബറില്‍ കുരുവിളയ്ക്ക് രാജിവെക്കേണ്ടി വന്നു. പകരം മന്ത്രിയായ മോന്‍സ് ജോസഫിന് ഈ കെട്ടിടം അനുവദിച്ചെങ്കിലും പി.ജെ ജോസഫ് കുറ്റവിമു്ക്തനായി തിരിച്ചുവന്നതോടെ മന്ത്രി മന്ദിരം മോന്‍സ് ജോസഫിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. 2010ല്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറിയ പിജെ ജോസഫ് മന്ത്രിപദം രാജിവെച്ച് ബംഗ്ലാവ് ഒഴിഞ്ഞു.

2011ല്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത് ആര്യാടന്‍ മുഹമ്മദാണ്. സോളാര്‍ കേസില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ടെങ്കിലും ആര്യാടന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ആര്യാടൻ്റെ രാഷ്ട്രീയ ജീവിതം അതോടെ അവസാനിച്ചു. അഞ്ച് വർഷം പൂർത്തിയായ ആര്യാടനും ഐസക്കും അടുത്ത തവണ മൽസരിച്ചില്ല. ഐസക്കിന് സീറ്റ് പിണറായി നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *