CrimeNews

നവവധു ഭർത്താവിനെ പുഴയിലേക്ക് തള്ളിയിട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, യുവതിയുടെ മൊഴിയിൽ ദുരൂഹത

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സെൽഫി എടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്ന് നദിയിലേക്ക് തള്ളിയിട്ടതായി പരാതി. കൃഷ്ണ നദിക്ക് കുറുകെയുള്ള ഗുർജാപൂർ പാലത്തിൽ വെച്ചാണ് സംഭവം. പുഴയിൽ വീണ യുവാവിനെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. സംഭവത്തിൽ ദുരൂഹത തുടരുന്നതിനാൽ ദമ്പതികളെ മൊഴിയെടുക്കുന്നതിനായി പോലീസ് വിളിപ്പിച്ചു.

പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് യുവതി ഭർത്താവിനെ പുഴയിലേക്ക് തള്ളിയിട്ടത്. നദിയിൽ വീണ യുവാവ് ഒഴുക്കിൽപ്പെട്ട് സമീപത്തുള്ള പാറയിൽ പിടിച്ചുനിൽക്കുകയായിരുന്നു. ഇയാളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കയറിട്ടു നൽകി രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.

മൊഴികളിൽ വൈരുദ്ധ്യം

ഭർത്താവ് അബദ്ധത്തിൽ കാൽവഴുതി വീണതാണെന്നാണ് യുവതി ആദ്യം ഓടിക്കൂടിയ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ, രക്ഷപ്പെട്ട് കരയ്‌ക്കെത്തിയ യുവാവ്, ഭാര്യ തന്നെ മനഃപൂർവം തള്ളിയിട്ടതാണെന്ന് വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹതയേറിയത്. ഭർത്താവിന്റെ ആരോപണം യുവതി നിഷേധിച്ചിട്ടുണ്ട്.

സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും റായ്ച്ചൂർ പോലീസ് വ്യക്തമാക്കി.