
ഐഫോൺ 17 നിർമ്മാണം ഇന്ത്യയില്‍ ഈ മാസം ആരംഭിക്കും! സ്പെയർ പാർട്സ് ഫാക്ടറിയിലെത്തി
ന്യൂഡൽഹി: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 17-ന്റെ നിർമ്മാണം ഇന്ത്യയില്‍ ഉടനെ ആരംഭിക്കും. ചൈനയ്ക്കൊപ്പം ഒരേസമയം ഇന്ത്യയിലും ഐഫോൺ 17 നിർമ്മിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, ആവശ്യമായ ഘടകഭാഗങ്ങൾ ചൈനയിൽ നിന്ന് ഇന്ത്യയിലെ ഫോക്സ്കോൺ ഫാക്ടറിയിലേക്ക് എത്തിത്തുടങ്ങി. കസ്റ്റംസ് രേഖകൾ പ്രകാരം ഡിസ്പ്ലേ, ക്യാമറ മൊഡ്യൂളുകൾ, ഗ്ലാസ്, ബോഡി തുടങ്ങിയ ഭാഗങ്ങളാണ് കഴിഞ്ഞ മാസം മുതൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
ഈ മാസം (ജൂലൈ) തന്നെ ഐഫോൺ 17-ന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമ്മാണം (ട്രയൽ പ്രൊഡക്ഷൻ) ആരംഭിക്കുമെന്നും ഓഗസ്റ്റോടെ വൻതോതിലുള്ള നിർമ്മാണം (മാസ് പ്രൊഡക്ഷൻ) തുടങ്ങുമെന്നും വ്യവസായ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബറിൽ പുതിയ മോഡൽ വിപണിയിലിറക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.
ഇന്ത്യ തന്ത്രപ്രധാന കേന്ദ്രം
ചൈനയിൽ മാത്രം ഒതുങ്ങിയിരുന്ന ഏറ്റവും പുതിയ ഐഫോൺ മോഡലുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയെ ഒരു തന്ത്രപ്രധാന കേന്ദ്രമായി മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിയുടെ ഭാഗമായാണ്. പ്രത്യേകിച്ചും അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യയെ പ്രധാന ഹബ്ബാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുൻപ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ ഉയർന്ന നികുതിയാണ് ഈ നീക്കത്തിന് ആക്കം കൂട്ടിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയും ഇന്ത്യയും തമ്മിലുള്ള നിർമ്മാണത്തിലെ സമയവ്യത്യാസം ആപ്പിൾ ക്രമേണ കുറച്ചുകൊണ്ടുവരികയായിരുന്നു. ഐഫോൺ 14 ചൈനയിൽ നിർമ്മാണം തുടങ്ങി ആറാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയിൽ ആരംഭിച്ചതെങ്കിൽ, ഐഫോൺ 15 ഏകദേശം ഒരേ സമയത്താണ് ഇരു രാജ്യങ്ങളിലും നിർമ്മിച്ചത്. ഐഫോൺ 16-ന്റെ അടിസ്ഥാന മോഡലുകളുടെ നിർമ്മാണ പ്രക്രിയയിൽ (New Product Introduction) ഇന്ത്യയും പങ്കാളിയായതോടെ ചൈനയുടെ മേധാവിത്വം അവസാനിച്ചിരുന്നു.
വെല്ലുവിളിയായി ചൈനീസ് എഞ്ചിനീയർമാർ
ഐഫോൺ 17-ന്റെ നിർമ്മാണം ഇന്ത്യയിൽ വലിയ മുന്നേറ്റമാണെങ്കിലും, ചില വെല്ലുവിളികളും നിലനിൽക്കുന്നുണ്ട്. നിർമ്മാണത്തിലെ സങ്കീർണ്ണമായ സാങ്കേതിക വിദ്യകളിൽ ഇന്ത്യൻ ജീവനക്കാരെ പരിശീലിപ്പിക്കാൻ ആവശ്യമായ വിദഗ്ദ്ധരായ ചൈനീസ് എഞ്ചിനീയർമാരുടെ അഭാവമാണ് പ്രധാന വെല്ലുവിളി. സാങ്കേതികവിദ്യ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൈമാറുന്നത് തടയാനുള്ള ചൈനയുടെ ശ്രമങ്ങളെത്തുടർന്ന് ഫോക്സ്കോണിന്റെ ഇന്ത്യൻ ഫാക്ടറികളിൽ നിന്ന് നിരവധി ചൈനീസ് എഞ്ചിനീയർമാർ മടങ്ങിപ്പോയിരുന്നു.
“ഐഫോൺ 17-ന്റെ നിർമ്മാണത്തിൽ വളരെ ചെറിയ ഭാഗങ്ങൾ പോലും അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു മില്ലിമീറ്ററിന്റെ വ്യത്യാസം പോലും ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാം. ഈ ഘട്ടങ്ങളിൽ ഇന്ത്യൻ ജീവനക്കാരെ പരിശീലിപ്പിക്കാൻ ചൈനീസ് എഞ്ചിനീയർമാരുടെ സാന്നിധ്യം അനിവാര്യമാണ്,” ആപ്പിളിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഒരു വ്യവസായ പ്രതിനിധി പേര് വെളിപ്പെടുത്താതെ പറഞ്ഞു.