
ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടാൻ ലക്ഷ്യമിട്ട്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും പുതിയ ബാങ്കുകൾക്ക് ലൈസൻസ് നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) ബാങ്കിംഗ് മേഖല വികസിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കൂടുതൽ ശക്തവും വലുതുമായ ബാങ്കുകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം. ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിഗണനയിലുള്ള പ്രധാന നിർദ്ദേശങ്ങൾ
- വൻകിട കമ്പനികൾക്ക് അവസരം: കർശനമായ നിയന്ത്രണങ്ങളോടെ വൻകിട വ്യവസായ, ബിസിനസ് ഗ്രൂപ്പുകൾക്ക് ബാങ്കിംഗ് ലൈസൻസിനായി അപേക്ഷിക്കാൻ അനുവദിക്കുക. 2016-ൽ ഏർപ്പെടുത്തിയ വിലക്ക് ഇതോടെ പുനഃപരിശോധിച്ചേക്കും.
- NBFC-കളെ ബാങ്കുകളാക്കി മാറ്റുക: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ (NBFCs) പൂർണ്ണ തോതിലുള്ള ബാങ്കുകളായി മാറാൻ പ്രോത്സാഹിപ്പിക്കുക.
- വിദേശ നിക്ഷേപം വർദ്ധിപ്പിക്കുക: പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തുന്നത് എളുപ്പമാക്കുക. നിലവിൽ ഇത് 20 ശതമാനമാണ്.
എന്തിനീ പുതിയ മാറ്റം?
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ശക്തമായ ബാങ്കിംഗ് സംവിധാനം അനിവാര്യമാണ്. നിലവിൽ ജിഡിപിയുടെ 56 ശതമാനം മാത്രമുള്ള ബാങ്ക് ഫണ്ടിംഗ്, 130 ശതമാനമായി ഉയർത്തേണ്ടതുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം തുടങ്ങിയ ദീർഘകാല പദ്ധതികൾക്ക് പണം നൽകാൻ ശേഷിയുള്ള വലിയ ബാങ്കുകൾ രാജ്യത്തിന് ആവശ്യമാണ്.
നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നീ രണ്ട് ഇന്ത്യൻ ബാങ്കുകൾ മാത്രമാണ് ആസ്തിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ആദ്യ 100 ബാങ്കുകളുടെ പട്ടികയിലുള്ളത്. അതേസമയം, ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ബാങ്കുകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ആധിപത്യം പുലർത്തുന്നത്.
ലൈസൻസിംഗ് ചട്ടക്കൂട് പുനഃപരിശോധിച്ചുവരികയാണെന്ന് ആർബിഐ ഗവർണർ അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഇതിനിടെയാണ് പുതിയ ബാങ്കുകൾക്കുള്ള സാധ്യത തെളിയുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി സൂചികയായ നിഫ്റ്റി പിഎസ്‌യു ബാങ്ക് ഇൻഡെക്സിൽ നേരിയ മുന്നേറ്റവും ദൃശ്യമായി.