EducationFinanceNews

കടമെടുത്ത് വിദേശ പഠനത്തിന് പോകരുത്; സ്കോളർഷിപ്പുണ്ടെങ്കിൽ മാത്രം, വിദ്യാർത്ഥികൾക്ക് ചീഫ് ജസ്റ്റിസിന്റെ ഉപദേശം

ഹൈദരാബാദ്: ഭീമമായ തുക ലോണെടുത്ത് വിദേശത്ത് നിയമ പഠനത്തിന് പോകുന്ന പ്രവണതക്കെതിരെ ശക്തമായ ഉപദേശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ഹൈദരാബാദിലെ നൽസാർ യൂണിവേഴ്സിറ്റി ഓഫ് ലോയുടെ 22-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെ, സമപ്രായക്കാരുടെ സമ്മർദ്ദത്തിനോ അംഗീകാരത്തിനോ വേണ്ടി മാത്രം വിദേശ ബിരുദം നേടാൻ ശ്രമിക്കരുതെന്ന് അദ്ദേഹം നിയമ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

“നിങ്ങൾക്ക് പോകണമെന്നുണ്ടെങ്കിൽ പോകണം. അത് നിങ്ങളുടെ കാഴ്ചപ്പാടുകളെ വിശാലമാക്കും. പക്ഷെ, ദയവായി സ്കോളർഷിപ്പോടെയും ഫണ്ടിംഗോടെയും മാത്രം പോകുക. ഒരു ലക്ഷ്യത്തോടെ പോകുക, സമ്മർദ്ദം കൊണ്ട് പോകരുത്,” അദ്ദേഹം പറഞ്ഞു.

വിദേശ ബിരുദമെന്ന കടക്കെണി

വിദേശ പഠനത്തിനായി 50 മുതൽ 70 ലക്ഷം വരെ ലോണെടുത്ത് മാതാപിതാക്കളെയും കുടുംബത്തെയും കടക്കെണിയിലാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. “ഒരു വിദേശ ബിരുദം മാത്രം നിങ്ങളുടെ കഴിവിന്റെ മുദ്രയല്ല,” അദ്ദേഹം വ്യക്തമാക്കി. ആ തുക ഇന്ത്യയിൽ സ്വന്തമായി ഒരു പ്രാക്ടീസ് തുടങ്ങാനോ ചേംബർ നിർമ്മിക്കാനോ ഉള്ള നിക്ഷേപമായി ഉപയോഗിക്കാം. പിന്നീട് സാമ്പത്തികമായി സുസ്ഥിരമായ ശേഷം പഠനത്തിനായി വിദേശത്ത് പോകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നിയമ വിദ്യാഭ്യാസത്തോടുള്ള വിമർശനം

വിദേശ പഠനത്തിനായുള്ള ഈ തള്ളിക്കയറ്റം നമ്മുടെ രാജ്യത്തെ ബിരുദാനന്തര നിയമ വിദ്യാഭ്യാസത്തോടും ഗവേഷണത്തോടുമുള്ള വിശ്വാസ്യതയില്ലായ്മയുടെ സൂചനയാണെന്നും ചീഫ് ജസ്റ്റിസ് ഗവായ് വിമർശിച്ചു. “വിദേശത്ത് പഠിച്ച് പുതിയ കാഴ്ചപ്പാടുകളുമായി പലരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇവിടെ തിരിച്ചെത്തുമ്പോൾ നമ്മുടെ സ്ഥാപനങ്ങൾ അവരെ സ്വാഗതം ചെയ്യുന്നില്ല, അല്ലെങ്കിൽ പുതിയ ആശയങ്ങൾക്ക് ഇടം നൽകുന്നില്ല. പോസ്റ്റ്-ഡോക്ടറൽ ഗവേഷണത്തിന് വ്യക്തമായ അവസരങ്ങളില്ല, ഫണ്ടിംഗ് പരിമിതമാണ്, നിയമന പ്രക്രിയകൾ സുതാര്യമല്ല. ഈ അവസ്ഥ മാറണം,” അദ്ദേഹം ആവശ്യപ്പെട്ടു.

മാനസികാരോഗ്യവും തൊഴിൽ സമ്മർദ്ദവും

നിയമരംഗം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഈ മേഖലയിലെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ചു. “ഈ തൊഴിൽ നിങ്ങളെ ഒറ്റപ്പെടുത്തുകയും വൈകാരികമായി തളർത്തുകയും ചെയ്യും. മണിക്കൂറുകൾ നീണ്ട ജോലി, ഉയർന്ന പ്രതീക്ഷകൾ, ചിലപ്പോഴൊക്കെ ക്രൂരമായ സംസ്കാരം. വിജയിക്കാൻ മാത്രമല്ല, വിജയിയായി കാണപ്പെടാനും നിങ്ങൾ സമ്മർദ്ദം അനുഭവിക്കും. നിങ്ങളുടെ ബുദ്ധിമുട്ടുകൾ ഒളിച്ചുവെക്കരുത്. ഒരു സമൂഹം കണ്ടെത്തുക,” അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

മെന്റർമാരുടെ പ്രാധാന്യം, ഈ രംഗത്തെ ഘടനാപരമായ അസമത്വങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കഠിനാധ്വാനം പോലെ തന്നെ പ്രധാനമാണ് ആരെങ്കിലും നമുക്കായി ഒരു വാതിൽ തുറന്നുതരുന്നതെന്നും അദ്ദേഹം സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

കുടുംബം, പുസ്തകങ്ങൾ, ഹോബികൾ, ആരോഗ്യം, ഭാവന എന്നീ അഞ്ച് കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കരുതെന്ന ഉപദേശത്തോടെയാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.