NewsPolitics

യൂദാസ് ആയി ശശി! തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിലേക്ക്; ഭരണ വിരുദ്ധ വികാരവും ശശി വിരുദ്ധ വികാരവും തുണയ്ക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്

ശശി തരൂർ കോൺഗ്രസ് വിടും. പരമാവധി പ്രകോപനം ഉണ്ടാക്കി പാർട്ടിയിൽ നിന്ന് നടപടിയെടുപ്പിക്കാൻ ശശി തരൂർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം ഇതൊന്നും കണ്ടില്ലെന്ന് നടിച്ചതോടെയാണ് ശശിയുടെ പദ്ധതികൾ പൊളിഞ്ഞത്. പുറത്താക്കിയാൽ കിട്ടുന്ന രക്തസാക്ഷി പരിവേഷത്തിലായിരുന്നു ശശിയുടെ കണ്ണ്. അത് നടക്കില്ലെന്ന് മനസിലായതോടെ ഓരോ ദിവസവും പരമാവധി ചൊറിഞ്ഞ് നല്ല സമയം നോക്കി ഇറങ്ങി പോകാനാണ് ശശിയുടെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ശശി രാജി വയ്ക്കും.

ആര്യ രാജേന്ദ്രന്റെയും സംഘത്തിന്റെയും ദുർഭരണത്താൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പോകുമെന്ന് ഉറപ്പാണ്. ശശിയുടെ ബി.ജെ.പി എൻട്രി തദ്ദേശത്തിന് തൊട്ട് മുമ്പായാൽ തിരുവനന്തപുരം കോർപ്പറേഷൻ ഈസിയായി പിടിക്കാം എന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. രാജി വച്ച് ബി.ജെ.പിയിൽ ചേർന്നാലും തിരുവനന്തപുരം ലോക്സഭ സീറ്റിൽ മൽസരിക്കില്ലെന്ന് ശശി അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസിനെ വഞ്ചിച്ച് ബി.ജെ പി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയിൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് ഏറ്റവും നന്നായറിയാവുന്നത് ശശിക്കാണ്. യൂദാസ് പരിവേഷവുമായി തീരദേശ മേഖലയിൽ വോട്ട് തേടി പോയാലുള്ള അവസ്ഥ മറ്റാരേക്കാളും നന്നായി ശശിക്ക് അറിയാം.

താൻ രാജിവെച്ച ഒഴിവിൽ രാജീവ് ചന്ദ്രശേഖർ മൽസരിക്കട്ടെ എന്നാണ് ശശിയുടെ നിർദ്ദേശം. രാജീവ് ഈസിയായി ജയിക്കുമെന്നാണ് ശശി പറയുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് കണ്ണ് വച്ചിരിക്കുന്ന രാജീവ് ചന്ദ്രശേഖർ അതിന് തയ്യാറാകുമോ എന്ന് കണ്ടറിയണം. തിരുവനന്തപുരം ലോകസഭയിൽ വീണ്ടും തോറ്റാൽ രണ്ട് വർഷത്തിനിടയിൽ രണ്ട് തോൽവി എന്ന റെക്കോഡ് രാജീവ് ചന്ദ്രശേഖർക്ക് സ്വന്തമാകും.

രാജീവ് ഇറങ്ങിയില്ലെങ്കിൽ സുരേന്ദ്രനോ, കുമ്മനം രാജശേഖരനോ നറുക്ക് വീഴും. പതിവ് പോലെ സി.പി.ഐ സ്ഥാനാർത്ഥിയായി ആരെങ്കിലും മൽസരിക്കും. ഭരണ വിരുദ്ധ വികാരം അതിശക്തമായ സംസ്ഥാനത്ത് അതിന്റെ അലയൊലികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന തിരുവനന്തപുരത്ത് ജയിക്കാൻ കോൺഗ്രസിന് വലിയ ജോലി ചെയ്യേണ്ടി വരില്ല.

പ്രവർത്തകരെ തിരിഞ്ഞ് നോക്കാത്ത ശശി ഒരു ദിവസവും എങ്കിലും നേരത്തെ രാജി വച്ചു പോകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച നിരവധി പേർ തിരുവനന്തപുരത്ത് ഉണ്ട്. ഭരണ വിരുദ്ധ വികാരത്തിനോടൊപ്പം ശശി വിരുദ്ധ വികാരവും ഒരുമിക്കുമ്പോൾ ഉപതെരഞ്ഞെടുപ്പുകളിലെ റെക്കോഡ് വിജയം തിരുവനന്തപുരത്തും ആവർത്തിക്കാൻ കോൺഗ്രസിന് ഈസിയായി സാധിക്കും.