
സർക്കാർ ആശുപത്രി വേണ്ട! ചീഫ് സെക്രട്ടറി ജയതിലക് ചികിൽസക്ക് പോയത് കിംസ് ആശുപത്രിയിൽ; പണം അനുവദിച്ച് മുഖ്യമന്ത്രി
മന്ത്രിമാരെ പോലെ ചീഫ് സെക്രട്ടറിക്കും സർക്കാർ ആശുപത്രി വേണ്ട. തിരുവനന്തപുരത്തെ സർക്കാർ ആശുപത്രികളോട് താൽപര്യമില്ലാതെ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ചികിൽസക്ക് പോയത് തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസ് ആശുപത്രിയിൽ. മെയ് 26 നാണ് ജയതിലക് ചികിൽസ തേടിയത്. ഒരു ദിവസത്തെ ചീഫ സെക്രട്ടറിയുടെ ചികിൽസക്ക് ചെലവായത് 9,848 രൂപ.
തൻ്റെ ചികിൽസക്ക് ചെലവായ തുക നൽകണമെന്ന് ചീഫ് സെക്രട്ടറി ജൂൺ 18 ന് സർക്കാരിനോട് ആവശ്യപ്പെട്ടു. അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ചീഫ് സെക്രട്ടറിക്ക് പണം അനുവദിച്ച് ഉത്തരവ് ഈ മാസം 10 ന് പൊതുഭരണ വകുപ്പിൽ നിന്നിറങ്ങി. ചീഫ് സെക്രട്ടറിയുടെ അസുഖം എന്താണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
നമ്പർ വൺ ആരോഗ്യ കേരളം എന്ന് പ്രസംഗിച്ചിട്ട് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ആണ് മുഖ്യമന്ത്രി ചികിൽസ തേടിയത്. ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസ.2024 ഫെബ്രുവരി 6 ന് തൻ്റെ ഭാര്യ കമലയുടെ ചികിൽസക്ക് 2.69 ലക്ഷം മുഖ്യമന്ത്രി അനുവദിച്ചിരുന്നു . ഈ ഉത്തരവാണ് രസകരം. ഏത് ആശുപത്രിയിലെ ചികിത്സ എന്ന് പോലും ഉത്തരവിൽ ഉണ്ടായില്ല. 24.7.2023 മുതൽ 2. 8-2023 വരെയാണ് കമല ചികിൽസ തേടിയത്. 9 ദിവസത്തെ ചികിൽസ കമല തേടിയപ്പോൾ ഖജനാവിൽ നിന്ന് ഒഴുകിയത് 2.69 ലക്ഷം .
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മകൻ്റെ ചികിൽസക്കായി പോയത് എറണാകുളം ലിസി ആശുപത്രിയിൽ ആയിരുന്നു. അതിൻ്റെ ചെലവും ഖജനാവ് വക.ഗതാഗത മന്ത്രിയായിരുന്ന ആൻ്റണി രാജു ത്വക്ക് ചികിൽസക്ക് പോയത് തിരുവനന്തപുരത്തെ ഡോ. യോഗിരാജ് സെൻ്റർ ഫോർ ഡെർമറ്റോളജിയിൽ. ആൻ്റണി രാജുവിൻ്റെ അമ്മ ചികിൽസ തേടിയത് അനന്തപുരി ഹോസ്പിറ്റലിൽ. മകൾ ചികിൽസ തേടിയത് ജി.ജി ആശുപത്രിയിലും സെറിൻ സ്കിൻ ആൻ്റ് ലേസർ സെൻ്ററിലും. ആൻ്റണി രാജുവിൻ്റെ ഭാര്യ ചികിൽസ തേടിയത് ഡോ. മോഹൻദാസ് ഡയബെറ്റിസ് സ്പെഷ്യാലിറ്റിസ് സെൻ്ററിലും. എല്ലാ ചെലവും വഹിച്ചത് സർക്കാർ ഖജനാവ്.
തദ്ദേശ മന്ത്രി എം.ബി രാജേഷ് ചികിൽസ തേടിയത് എറണാകുളത്തെ ലിസി ഹോസ്പിറ്റലിൽ. ഭാര്യ നിനിത കണിച്ചേരിയും ലിസി ഹോസ്പിറ്റലിൽ ചികിൽസ നേടി. ആ ഇനത്തിലും ഖജനാവിൽ നിന്ന് പോയത് ലക്ഷങ്ങൾ.വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടി ചികിൽസ തേടിയത് കൊച്ചി ആസ്റ്റർ മെഡിസിറ്റി, ചെന്നെ അപ്പോള ആശുപത്രി, കോയമ്പത്തൂർ കോവയ് മെഡിക്കൽ സെൻ്റർ എന്നിവിടങ്ങളിൽ ആയിരുന്നു. കൃഷ്ണൻകുട്ടിയുടെ ഭാര്യ ചികിൽസക്ക് പോയത് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലും പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലും ആയിരുന്നു. രണ്ട് പേർക്കും കൂടി ഖജനാവിൽ നിന്ന് ഒഴുകിയത് ലക്ഷങ്ങൾ.
വിദ്യാഭ്യാസ മന്ത്രി. വി. ശിവന്‍കുട്ടിയുടയും ഭാര്യ പാര്‍വ്വതിദേവി യുടേയും ചികില്‍സക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത് 10,12,894 രൂപ. കിംസ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍, ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തില്‍ ആണ് മന്ത്രി വി. ശിവന്‍കുട്ടി ചികില്‍സ തേടിയത്. കിംസ് ആശുപത്രിയിലെ എന്‍ഡോക്രൈനോളജി വിഭാഗത്തിലാണ് ശിവന്‍കുട്ടിയുടെ ഭാര്യ പാര്‍വ്വതി ദേവി ചികില്‍സ തേടിയത്.മുന്‍ പി.എസ്.സി അംഗമാണ് പാര്‍വ്വതി ദേവി. പ്രമേഹ ചികില്‍സക്കും മന്ത്രി എത്തുന്നത് സ്വകാര്യശുപത്രിയിലേക്കാണ്. ജ്യോതിദേവ്സ് ഡയബറ്റിസ് ആന്റ് റിസര്‍ച്ച് സെന്ററിലാണ് ശിവന്‍കുട്ടിയുടെ പ്രമേഹ ചികില്‍സ. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചീഫ് സെക്രട്ടറിയുടേയും സർക്കാർ ആശുപത്രി പ്രശംസ വാക്കുകളിൽ മാത്രം എന്ന് വ്യക്തം.