BusinessTechnology

9000 പേരെ പിരിച്ചുവിട്ട് ലാഭിച്ചത് 4285 കോടി; മൈക്രോസോഫ്റ്റിൽ എഐയുടെ ‘ഇരുതലമൂർച്ച’

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യയുടെ വളർച്ച ഒരു വശത്ത് കമ്പനികൾക്ക് കോടികളുടെ ലാഭം നൽകുമ്പോൾ, മറുവശത്ത് ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന്റെ നേർചിത്രമായി മൈക്രോസോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തൽ. 9000 ജീവനക്കാരെ പിരിച്ചുവിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, കഴിഞ്ഞ വർഷം എഐ ഉപയോഗത്തിലൂടെ മാത്രം തങ്ങളുടെ കോൾ സെന്റർ പ്രവർത്തനങ്ങളിൽ 500 മില്യൺ ഡോളർ (ഏകദേശം 4285 കോടി രൂപ) ലാഭിച്ചതായി കമ്പനി അറിയിച്ചു.

മൈക്രോസോഫ്റ്റിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജഡ്‌സൺ ആൾത്തോഫാണ് കമ്പനിയുടെ ആഭ്യന്തര യോഗത്തിൽ ഈ കണക്കുകൾ വെളിപ്പെടുത്തിയത്. ഉപഭോക്തൃ സേവനം മുതൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് വരെ എല്ലാ മേഖലകളിലും എഐയെ ഉപയോഗിച്ച് കാര്യക്ഷമത വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

എഐയുടെ നേട്ടങ്ങൾ, മനുഷ്യന്റെ നഷ്ടങ്ങൾ

പുതിയ ഉൽപ്പന്നങ്ങൾക്കുള്ള 35% കോഡുകളും ഇപ്പോൾ എഴുതുന്നത് എഐ ആണെന്നും, ഇത് ഉൽപ്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ സഹായിക്കുന്നുവെന്നും മൈക്രോസോഫ്റ്റ് പറയുന്നു. സെയിൽസ് ടീമിന്റെ വരുമാനം 9% വർധിപ്പിക്കാനും എഐ കോപൈലറ്റ് സഹായിച്ചു.

എന്നാൽ, ഈ സാങ്കേതിക മുന്നേറ്റത്തിന് വലിയൊരു മാനുഷിക വില നൽകേണ്ടി വരുന്നുണ്ട്. അടുത്തിടെ 9000 പേരെ പിരിച്ചുവിട്ടത്, പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന് മൈക്രോസോഫ്റ്റ് തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ വർഷം 10,000 പേരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

മൈക്രോസോഫ്റ്റ് മാത്രമല്ല, ഗൂഗിൾ, മെറ്റ, സെയിൽസ്ഫോഴ്സ് തുടങ്ങിയ മറ്റ് ടെക് ഭീമന്മാരും എഐയുടെ വളർച്ചയെത്തുടർന്ന് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും നിയമനങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. എഐ കോർപ്പറേറ്റ് ലോകത്ത് കൊണ്ടുവരുന്ന വലിയ മാറ്റങ്ങളുടെയും, അത് സൃഷ്ടിക്കുന്ന തൊഴിൽ പ്രതിസന്ധിയുടെയും വ്യക്തമായ സൂചനയാണ് ഈ സംഭവങ്ങൾ.