
ന്യൂഡൽഹി: ടെക് ഭീമനായ ഗൂഗിളിലെ വിവിധ തസ്തികകളിലെ ശമ്പള വിവരങ്ങൾ പുറത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ കടുത്ത മത്സരത്തെത്തുടർന്ന് മികച്ച പ്രതിഭകളെ ആകർഷിക്കാൻ കോടിക്കണക്കിന് രൂപയാണ് കമ്പനി ശമ്പളമായി നൽകുന്നത്.
ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറുടെ വാർഷിക അടിസ്ഥാന ശമ്പളം 340,000 ഡോളർ (ഏകദേശം 2.8 കോടി രൂപ) വരെ എത്തിയേക്കാമെന്ന് യുഎസ് തൊഴിൽ-വിസ അപേക്ഷകളിൽ നിന്ന് ചോർന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.
ഇത് അടിസ്ഥാന ശമ്പളം മാത്രമാണെന്നും, ഇതിന് പുറമെ ലഭിക്കുന്ന ബോണസുകളും ഓഹരികളും (ഇക്വിറ്റി) കൂടി ചേരുമ്പോൾ യഥാർത്ഥ വരുമാനം ഇതിലും എത്രയോ മുകളിലായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിവിധ തസ്തികകളിലെ ശമ്പളം
ബിസിനസ് ഇൻസൈഡർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗൂഗിളിലെ മറ്റ് പ്രധാന തസ്തികകളിലെ ഉയർന്ന വാർഷിക ശമ്പളം ഇങ്ങനെയാണ്:
- റിസർച്ച് സയന്റിസ്റ്റ്: 303,000 ഡോളർ (ഏകദേശം 2.5 കോടി രൂപ)
- പ്രൊഡക്റ്റ് മാനേജർ: 280,000 ഡോളർ (ഏകദേശം 2.3 കോടി രൂപ)
- ഹാർഡ്വെയർ എഞ്ചിനീയർ: 284,000 ഡോളർ (ഏകദേശം 2.36 കോടി രൂപ)
- ഡാറ്റാ സയന്റിസ്റ്റ്: 260,000 ഡോളർ (ഏകദേശം 2.16 കോടി രൂപ)
- യുഎക്സ് ഡിസൈനർ: 230,000 ഡോളർ (ഏകദേശം 1.9 കോടി രൂപ)
പ്രകടനത്തിന് മുൻഗണന
പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുന്ന രീതി ഗൂഗിൾ അടുത്തിടെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഉയർന്ന ശമ്പളം നൽകുകയും, പ്രകടനം മോശമായവരെ ഒഴിവാക്കുകയും ചെയ്യുന്ന ഈ രീതി മെറ്റ, മൈക്രോസോഫ്റ്റ് പോലുള്ള മറ്റ് ടെക് ഭീമന്മാരും പിന്തുടരുന്നുണ്ട്.
ഇത്രയും ഉയർന്ന ശമ്പളം നൽകിയിട്ടും, മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾക്ക് ലഭിക്കുന്ന വേതനം കുറവാണെന്ന് 2023-ൽ ഗൂഗിൾ നടത്തിയ ഒരു ആഭ്യന്തര സർവേയിൽ ഭൂരിഭാഗം ജീവനക്കാരും അഭിപ്രായപ്പെട്ടിരുന്നു. എഐ രംഗത്ത് കഴിവുറ്റ ജീവനക്കാരെ ആകർഷിക്കാനും നിലനിർത്താനുമുള്ള കടുത്ത മത്സരമാണ് ശമ്പളം ഇത്രയധികം ഉയരാൻ കാരണം.