
ഐഫോൺ നിർമ്മാണത്തെ ചൈനീസ് എഞ്ചിനീയർമാരുടെ മടക്കം ബാധിക്കില്ല; ആപ്പിളിന് ബദൽ മാർഗ്ഗങ്ങളുണ്ടെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ആപ്പിളിന്റെ പ്രധാന നിർമ്മാണ പങ്കാളിയായ ഫോക്സ്കോണിന്റെ ഇന്ത്യൻ പ്ലാന്റുകളിൽ നിന്ന് നൂറുകണക്കിന് ചൈനീസ് സാങ്കേതിക വിദഗ്ദ്ധർ മടങ്ങിയത് സംബന്ധിച്ച ആശങ്കകളിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. ഈ നീക്കം ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തെ ബാധിക്കില്ലെന്നും, ഏത് പ്രതിസന്ധിയെയും നേരിടാൻ ആപ്പിളിന് ബദൽ പദ്ധതികളുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഫോക്സ്കോണിലെ ഉത്പാദന ലക്ഷ്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി.
ഐഫോൺ നിർമ്മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലും, ഇന്ത്യൻ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നവരാണ് മടങ്ങിപ്പോയ ചൈനീസ് എഞ്ചിനീയർമാർ. ഇത് വരാനിരിക്കുന്ന ഐഫോൺ 17 സീരീസിന്റെ നിർമ്മാണത്തെ തടസ്സപ്പെടുത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
പ്രതിസന്ധിയില്ല, ഉത്പാദനം വർധിപ്പിക്കും
“ഇത് പ്രാഥമികമായി ആപ്പിളും ഫോക്സ്കോണും തമ്മിലുള്ള വിഷയമാണ്. ഉത്പാദനത്തിൽ ഒരു തടസ്സവും ഉണ്ടാകാതിരിക്കാൻ കമ്പനികൾ തന്നെ ക്രമീകരണങ്ങൾ ചെയ്യേണ്ടിവരും. ചൈനീസ് തൊഴിലാളികൾക്ക് വിസയടക്കം എല്ലാ സൗകര്യങ്ങളും സർക്കാർ നൽകിയിരുന്നു,” ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ഐഫോൺ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായ വൃത്തങ്ങളും ഈ വാർത്ത സ്ഥിരീകരിക്കുന്നു. ചൈനീസ് വിദഗ്ദ്ധരുടെ മടക്കം ഐഫോൺ 17-ന്റെ നിർമ്മാണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും, ഉത്പാദനം വർധിപ്പിക്കാനുള്ള പദ്ധതികളുമായി ആപ്പിൾ മുന്നോട്ട് പോകുകയാണെന്നും അവർ പറയുന്നു. ഫോക്സ്കോണിനും ടാറ്റാ ഇലക്ട്രോണിക്സിനും ചൈനയിൽ നിന്ന് യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിലെ തടസ്സങ്ങൾ അടുത്തിടെ നീങ്ങിയതും ഇന്ത്യക്ക് അനുകൂല ഘടകമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം 35-40 ദശലക്ഷം ഐഫോണുകൾ നിർമ്മിച്ച സ്ഥാനത്ത്, ഈ വർഷം 60 ദശലക്ഷം യൂണിറ്റായി ഉത്പാദനം വർധിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. അമേരിക്കയിൽ വിൽക്കുന്ന എല്ലാ ഐഫോണുകളും ഇനി ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് മുൻപ് പ്രഖ്യാപിച്ചത്, ഇന്ത്യയുടെ നിർമ്മാണ രംഗത്തെ പ്രാധാന്യം വ്യക്തമാക്കുന്നു.