
മുംബൈ: കടക്കെണിയിലും സാമ്പത്തിക ആരോപണങ്ങളിലും ഉലയുന്ന അനിൽ അഗർവാളിന്റെ വേദാന്ത റിസോഴ്‌സസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കമ്പനിക്കെതിരെ ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ വൈസ്രോയി റിസർച്ച് (Viceroy Research) ഗുരുതരമായ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ, വേദാന്തയുടെ ബേസ് മെറ്റൽസ് വിഭാഗം മേധാവി ക്രിസ് ഗ്രിഫിത്ത് രാജിവെച്ചു.
2023-ൽ വേദാന്തയിൽ ചേർന്ന ക്രിസ് ഗ്രിഫിത്ത്, കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ്സിന്റെ പ്രസിഡന്റ് കൂടിയായിരുന്നു. ദക്ഷിണാഫ്രിക്കയിലേയും നമീബിയിലേയും സിങ്ക് ഖനികൾ ഉൾപ്പെടെയുള്ള വേദാന്തയുടെ പ്രധാന ആസ്തികളുടെ ചുമതല വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ രാജി, കമ്പനി കടുത്ത പ്രതിസന്ധിയിലാണെന്ന സൂചനയാണ് നൽകുന്നത്.
റിപ്പോർട്ടും ഓഹരി വിപണിയിലെ ഇടിവും
ബുധനാഴ്ചയാണ് വൈസ്രോയി റിസർച്ച് വേദാന്തയ്‌ക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത്. വേദാന്തയുടെ ഘടന കടക്കാർക്ക് വലിയ അപകടസാധ്യതയുണ്ടാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ വേദാന്തയുടെ ഓഹരി വിലയിൽ 3.4 ശതമാനത്തിന്റെ ഇടിവുണ്ടായി.
എന്നാൽ, റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് വേദാന്ത ഗ്രൂപ്പ് പ്രതികരിച്ചു. ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കമ്പനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മുൻപ് ഗോൾഡ് ഫീൽഡ്‌സ് ലിമിറ്റഡിന്റെ മേധാവിയായിരുന്ന ക്രിസ് ഗ്രിഫിത്തിന്റെ രാജി, വേദാന്തയുടെ ഭാവി പദ്ധതികളെ എങ്ങനെ ബാധിക്കുമെന്നാണ് നിക്ഷേപക ലോകം ഉറ്റുനോക്കുന്നത്.