CrimeNews

ചെന്നിത്തല നവോദയ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകൾ എസ്. നേഹയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ഹോസ്റ്റലിലെ ശുചിമുറിക്ക് സമീപമുള്ള ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരം അറിഞ്ഞയുടൻ മാന്നാർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസിൽ നിന്ന് സൂചനയുണ്ട്. ഇതിലെ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാകും.

മുൻപ് സ്കൂളിൽ റാഗിംഗ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, നിലവിലെ മരണകാരണം അതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ എന്നും പോലീസ് അറിയിച്ചു. വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത മരണം സ്കൂളിലെ സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈൻ നമ്പർ: 1056)