
ചെന്നൈ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലയായ സൺ ടിവി നെറ്റ് വർക്കിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഉടലെടുത്ത രൂക്ഷമായ തർക്കത്തിന് ഒത്തുതീർപ്പിലൂടെ പരിഹാരം. ഡിഎംകെ എംപി ദയാനിധി മാരനും, അദ്ദേഹത്തിന്റെ സഹോദരനും സൺ ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരനും തമ്മിലുള്ള പോരാട്ടത്തിന് വിരാമമിട്ടത് ഇരുവരുടെയും അമ്മാവനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ സമയോചിത ഇടപെടലാണ്.
സ്റ്റാലിൻ നേരിട്ട് മുൻകൈയെടുത്ത് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ഇരുവരും രമ്യതയിലെത്തിയത്. ഇതോടെ, സഹോദരൻ കലാനിധിക്കെതിരെ ദയാനിധി മാരൻ നൽകിയ നിയമനടപടികൾ പിൻവലിക്കുമെന്ന് ഡിഎംകെ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
തർക്കത്തിന് പിന്നിൽ
ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന സൺ ടിവിയുടെ ഓഹരികൾ കലാനിധി മാരൻ നിയമവിരുദ്ധമായി സ്വന്തം പേരിലേക്ക് മാറ്റിയെന്ന് ആരോപിച്ചാണ് ജൂൺ 10-ന് ദയാനിധി മാരൻ നിയമനടപടിക്ക് നോട്ടീസ് അയച്ചത്. 2023 വരെ 5,926 കോടി രൂപയും, 2024-ൽ 455 കോടി രൂപയും ഡിവിഡന്റ് ഇനത്തിൽ കലാനിധി മാരൻ സ്വന്തമാക്കിയെന്നും നോട്ടീസിൽ ആരോപിച്ചിരുന്നു.
വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ എസ്എഫ്ഐഒ, സെബി, ഇ.ഡി. തുടങ്ങിയ കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും ദയാനിധി മാരൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഡിഎംകെ കുടുംബത്തിലെ വലിയൊരു പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് ഉറപ്പായതോടെയാണ് സ്റ്റാലിൻ നേരിട്ട് ഇടപെട്ടത്.
തങ്ങളുടെ പിതാവായ മുരശൊലി മാരന്റെ മരണശേഷം, കുടുംബത്തിന്റെ തലവനായിരുന്ന കരുണാനിധി സ്വത്ത് വിഭജനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും, എന്നാൽ സഹോദരൻ എല്ലാം ശരിയാക്കുമെന്ന വിശ്വാസത്തിൽ അന്ന് താൻ അതിന് തയ്യാറായില്ലെന്നും ദയാനിധി മാരൻ നിയമനടപടി നോട്ടീസിൽ പറഞ്ഞിരുന്നു. ഈ വിശ്വാസം സഹോദരൻ മുതലെടുത്തു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കുടുംബത്തിലെ ഈ പ്രതിസന്ധിക്ക് സ്റ്റാലിന്റെ ഇടപെടലോടെ താൽക്കാലിക വിരാമമായിരിക്കുകയാണ്.