BusinessCinema

റിലീസിന് മുൻപേ 1000 കോടി; ‘രാമായണം’ തീർത്തത് പുതിയ ചരിത്രം; രൺബീറിനും കോടികളുടെ നിക്ഷേപം

മുംബൈ: ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ‘രാമായണം’ സിനിമയുടെ ആദ്യ ദൃശ്യങ്ങൾ പുറത്തിറങ്ങിയതോടെ നിർമ്മാതാക്കൾക്ക് ഓഹരി വിപണിയിൽ കോടികളുടെ നേട്ടം. ചിത്രത്തിന്റെ നിർമ്മാതാക്കളായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസിന്റെ ഓഹരി മൂല്യത്തിൽ വെറും രണ്ട് ദിവസത്തിനുള്ളിൽ 1000 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ചിത്രം പ്രഖ്യാപിച്ചത് മുതൽ ഓഹരി വിപണിയിൽ പ്രൈം ഫോക്കസ് സ്റ്റുഡിയോസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. എന്നാൽ ‘രാമായണ’ത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറങ്ങുന്നു എന്ന വാർത്തകൾ സജീവമായതോടെ കമ്പനിയുടെ ഓഹരി വില കുതിച്ചുയർന്നു. ജൂലൈ 1-ന് 4638 കോടി രൂപയായിരുന്ന കമ്പനിയുടെ വിപണി മൂല്യം, ഫസ്റ്റ് ലുക്ക് ലോഞ്ച് ദിവസമായ ജൂലൈ 3-ന് 5641 കോടി രൂപയായി ഉയരുകയായിരുന്നു.

നിക്ഷേപകനായി രൺബീർ കപൂർ

ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്ന സൂപ്പർതാരം രൺബീർ കപൂർ, സിനിമയിലെ നായകൻ മാത്രമല്ല, നിർമ്മാണ കമ്പനിയിലെ നിക്ഷേപകൻ കൂടിയാകുകയാണ്. പ്രൈം ഫോക്കസിന്റെ 1.25 മില്യൺ ഓഹരികൾ രൺബീർ വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ വിപണി വില അനുസരിച്ച് ഏകദേശം 20 കോടി രൂപയുടെ നിക്ഷേപമാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം

രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ‘രാമായണ’ത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും. രൺബീർ കപൂറിന് പുറമെ രാവണനായി യാഷ്, സീതയായി സായ് പല്ലവി, ഹനുമാനായി സണ്ണി ഡിയോൾ, ലക്ഷ്മണനായി രവി ദുബെ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. എ.ആർ. റഹ്മാനോടൊപ്പം ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറും സംഗീതമൊരുക്കുന്നു എന്നത് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.