
ചൈനീസ് എഞ്ചിനീയർമാർ മടങ്ങിയത് ഐഫോൺ 17 നിർമ്മാണത്തെ ബാധിക്കില്ല; ഇന്ത്യയിലെ പദ്ധതികൾക്ക് തടസ്സമില്ലെന്ന് ആപ്പിൾ വൃത്തങ്ങൾ
ന്യൂഡൽഹി: ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്കോണിൽ നിന്ന് നൂറുകണക്കിന് ചൈനീസ് സാങ്കേതിക വിദഗ്ദ്ധർ മടങ്ങിപ്പോയത് ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തെ ബാധിക്കില്ലെന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐഫോൺ 17 ഉൾപ്പെടെയുള്ള മോഡലുകളുടെ നിർമ്മാണം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും, ഇന്ത്യയിലെ ഉത്പാദനം വർധിപ്പിക്കാനുള്ള ആപ്പിളിന്റെ പദ്ധതികൾക്ക് യാതൊരു തടസ്സവുമില്ലെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് എഞ്ചിനീയർമാരുടെ മടക്കം ആശങ്കകൾക്ക് വഴിവെച്ചിരുന്നുവെങ്കിലും, ഇന്ത്യയിലെ ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്കോണിനും ടാറ്റ ഇലക്ട്രോണിക്സിനും ചൈനയിൽ നിന്ന് ആവശ്യമായ യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിലെ തടസ്സങ്ങൾ നീങ്ങിയതാണ് പുതിയ ആത്മവിശ്വാസത്തിന് കാരണം. ഐഫോൺ നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ ഈ യന്ത്രസാമഗ്രികളുടെ സുഗമമായ ലഭ്യത, ഉത്പാദനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ലക്ഷ്യം 6 കോടി ഐഫോണുകൾ
ഈ വർഷം ഇന്ത്യയിലെ ഐഫോൺ ഉത്പാദനം 6 കോടി യൂണിറ്റായി ഉയർത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് ഏകദേശം 3.5-4 കോടി യൂണിറ്റായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കോടി രൂപയുടെ ഐഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മുൻപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിൽ വിൽക്കുന്ന എല്ലാ ഐഫോണുകളും ഇന്ത്യയിൽ നിർമ്മിച്ചതായിരിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്കും വ്യക്തമാക്കിയിരുന്നു.
ചൈനീസ് എഞ്ചിനീയർമാർ മടങ്ങിയെങ്കിലും, ഇന്ത്യയിലെ ഐഫോൺ നിർമ്മാണ ഇക്കോസിസ്റ്റം ശക്തമായി തുടരുകയാണെന്നും, ഇത് രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായി മാറിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.