
ന്യൂഡൽഹി: നികുതി കുടിശ്ശിക പിരിച്ചെടുക്കുന്ന നടപടികൾ ശക്തമാക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി). ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) 20,000 കോടി രൂപയുടെ കുടിശ്ശികയാണ് ആദായനികുതി വകുപ്പ് പിരിച്ചെടുത്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പിരിച്ചെടുത്ത തുകയുടെ ഏകദേശം ഇരട്ടിയാണിത്.
പിരിച്ചെടുത്ത 20,000 കോടി രൂപയിൽ 17,244 കോടി രൂപ കോർപ്പറേറ്റ് നികുതി ഇനത്തിലും, 2,714 കോടി രൂപ വ്യക്തിഗത ആദായനികുതി ഇനത്തിലുമാണ് ലഭിച്ചത്. മാർച്ച് 31 വരെ നൽകിയ ഡിമാൻഡ് നോട്ടീസുകൾക്ക് എതിരെയാണ് ഈ തുക ഈടാക്കിയത്.
ലക്ഷ്യം 2 ലക്ഷം കോടി
വരും മാസങ്ങളിൽ നികുതി പിരിവ് കൂടുതൽ ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം. ഈ സാമ്പത്തിക വർഷം 1.96 ലക്ഷം കോടി രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. “ഈ വർഷം 2 ലക്ഷം കോടി എന്ന ലക്ഷ്യം ഞങ്ങൾ അനായാസം കൈവരിക്കും,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കൃത്യമായ വരുമാനം വെളിപ്പെടുത്താത്തവരെയും, മനഃപൂർവം നികുതി വെട്ടിക്കുന്നവരെയും കണ്ടെത്തി നടപടികൾ സ്വീകരിക്കാനാണ് വകുപ്പ് ഒരുങ്ങുന്നത്. ആദ്യ അപ്പീലിൽ വകുപ്പിന് അനുകൂലമായി വിധി വന്ന കേസുകളിൽ നിന്ന് കുടിശ്ശിക വേഗത്തിൽ പിരിച്ചെടുക്കാൻ സോൺ തിരിച്ചുള്ള ടാർഗറ്റുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ വകുപ്പിന് അനുകൂലമായി തീർപ്പായ കേസുകളിൽ മാത്രം 1.96 ലക്ഷം കോടി രൂപയുടെ കുടിശ്ശികയാണുള്ളത്.
രാജ്യത്ത് നികുതി കുടിശ്ശിക കുമിഞ്ഞുകൂടുന്നത് സർക്കാരിന് വലിയ തലവേദനയായിരുന്നു. 2019-20ൽ 10 ലക്ഷം കോടിയായിരുന്ന കുടിശ്ശിക, 2024 ഒക്ടോബറോടെ 42 ലക്ഷം കോടിയായി വർധിച്ചിരുന്നു. ഇതിൽ 27 ലക്ഷം കോടി രൂപ പിരിച്ചെടുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.