
മേയർ പോരാ ! എം.സ്വരാജിനെ നേമത്ത് ഇറക്കണം; ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസും ബി.ജെ.പിയും
അനാരോഗ്യം അലട്ടുന്ന ശിവൻകുട്ടിക്ക് പകരം മേയർ ആര്യാ രാജേന്ദ്രൻ നേമത്ത് സജീവമായിരിക്കുകയാണ്. മേയർ എന്ന നിലയിൽ ശോഭിക്കാൻ കഴിയാതിരുന്ന ആര്യാ രാജേന്ദ്രൻ നേമത്ത് എത്തിയാൽ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ലോകസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബി.ജെ.പി അക്കൗണ്ട് തുറന്നിരുന്നു. സമാന രീതിയിൽ നിയമസഭയിലും അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.
നേമത്ത് 2016 ൽ ഒ . രാജഗോപാൽ ജയിച്ചിരുന്നു. ബിജെ.പിയുടെ നിയമസഭയിലെ ഏക സീറ്റും 2016 ലെ നേമത്തായിരുന്നു.കെ. മുരളിധരൻ 2021 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയതോടെ കോൺഗ്രസ് വോട്ട് കുത്തനെ വർദ്ധിച്ചു. 2016 ൽ യുഡിഎഫ് ഘടകകക്ഷിയായിരുന്നു നേമത്ത് മൽസരിച്ചത്. 13860 വോട്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി. സുരേന്ദ്രൻ പിള്ളക്ക് പിടിക്കാൻ കഴിഞ്ഞത്. 2021 ൽ ബി.ജെ.പി അക്കൗണ്ട് പൂട്ടിക്കാൻ കോൺഗ്രസ് കെ.മുരളിധരനെ രംഗത്തിറക്കുകയായിരുന്നു. 36,524 വോട്ട് മുരളിധരൻ നേടിയതോടെ ജയിക്കുമെന്ന് ഉറപ്പിച്ച ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 3, 949 വോട്ടിന് തോറ്റു. മുരളിധരൻ പിടിച്ച 36524 വോട്ടിൻ്റെ പിൻബലത്തിൽ ശിവൻകുട്ടി നേമത്ത് ജയിച്ചു.മുരളിധരൻ കാരണം ശിവൻകുട്ടി എം എൽ എ ആയി എന്ന് ഫലം പരിശോധിച്ചാൽ വ്യക്തം.
2024 ലോകസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ജയിച്ചത് ശശി തരൂർ ആണെങ്കിലും നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ലീഡ് നേടി.ഇതിൽ നേമത്ത് 22, 126 വോട്ടിൻ്റെ ലീഡ് ആണ് രാജീവ് ചന്ദ്രശേഖർ നേടിയത്. 2026 ൽ നേമത്ത് പൂട്ടിയ അക്കൗണ്ട് തുറക്കും എന്ന വാശിയിലാണ് ബി.ജെ.പി. അതുകൊണ്ട് തന്നെ ആര്യക്ക് പകരം കരുത്തനായ സ്ഥാനാർത്ഥിയെ നേമത്ത് ഇറക്കണം എന്ന പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.എം.സ്വരാജിനെ നേമത്ത് ഇറക്കണം എന്നാണ് ഇവരുടെ ആവശ്യം. സ്വരാജ് ഇറങ്ങിയാൽ രാജീവ് വീഴും എന്ന് ഇവർ ഉറപ്പിക്കുന്നു.
വട്ടിയൂർക്കാവിൽ മൽസരിക്കാൻ ഇറങ്ങുന്ന കെ.മുരളിധരൻ ഇത്തവണ നേമത്ത് ഉണ്ടാകില്ല. സാമൂദായിക പ്രാതിനിധ്യം നോക്കി കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ആര്യാ രാജേന്ദ്രനാണ് സ്ഥാനാർത്ഥിയെങ്കിൽ ജയിച്ചു കയറാം എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ആര്യക്ക് പകരം സ്വരാജ് എത്തിയാൽ ആര് ജയിക്കുമെന്ന് കണ്ടറിയണം.