Business

ഉപാധികളില്ലാതെ 12,600 കോടി ഓഫറുമായി അദാനി; ജയപ്രകാശ് അസോസിയേറ്റ്സിനെ ഏറ്റെടുക്കാൻ ഓഫർ

ഏറ്റവും ഉയർന്ന ഓഫർ നൽകിയിരിക്കുന്നത് ദാൽമിയ ഭാരത് ഗ്രൂപ്പ്

മുംബൈ: കടക്കെണിയിലായ പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ജയപ്രകാശ് അസോസിയേറ്റ്സിനെ (ജെപി അസോസിയേറ്റ്സ്) ഏറ്റെടുക്കാനുള്ള മത്സരത്തിൽ നിബന്ധനകളില്ലാത്ത ഓഫറുമായി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. 12,600 കോടി രൂപയുടെ ഓഫറാണ് അദാനി ഗ്രൂപ്പ് സമർപ്പിച്ചിരിക്കുന്നത്. മറ്റ് പ്രമുഖ കമ്പനികളായ ദാൽമിയ ഭാരത്, വേദാന്ത, ജിൻഡാൽ പവർ എന്നിവരും രംഗത്തുണ്ടെങ്കിലും, ഇവരെല്ലാം ഒരു ഭൂമി തർക്കത്തിലെ സുപ്രീം കോടതി വിധിയെ ആശ്രയിച്ചാണ് തങ്ങളുടെ ഓഫറുകൾ വെച്ചിരിക്കുന്നത്.

ഇൻസോൾവൻസി നടപടികൾ നേരിടുന്ന ജെപി അസോസിയേറ്റ്സിനെ ഏറ്റെടുക്കാൻ അഞ്ച് കമ്പനികളാണ് രംഗത്തുള്ളത്. 14,600 കോടി രൂപയുടെ ഏറ്റവും ഉയർന്ന ഓഫർ നൽകിയിരിക്കുന്നത് ദാൽമിയ ഭാരത് ഗ്രൂപ്പാണ്. എന്നാൽ, ഗൗതം ബുദ്ധ് നഗർ സ്പോർട്സ് സിറ്റി പദ്ധതിയയുമായി ബന്ധപ്പെട്ട ഭൂമി തർക്കത്തിലെ വിധി അനുകൂലമായാൽ മാത്രമേ ഈ തുക നൽകുകയുള്ളൂ. വിധി പ്രതികൂലമായാൽ, ദാൽമിയയുടെ ഓഫറും 12,600 കോടിയായി കുറയും. ഇതോടെ, നിബന്ധനകളൊന്നുമില്ലാതെ രംഗത്തുള്ള ഏക പ്രധാന ബിഡ്ഡർ അദാനി ഗ്രൂപ്പായി മാറും.

ചർച്ചകൾ അടുത്ത ആഴ്ച

സിമന്റ്, ഊർജ്ജം, ഹോട്ടൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ ബിസിനസ്സുള്ള ജെപി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് ജയപ്രകാശ് അസോസിയേറ്റ്സ്. 57,185 കോടി രൂപയുടെ ഭീമമായ കടബാധ്യതയാണ് കമ്പനിക്കുള്ളത്. നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ (NARCL) നേതൃത്വത്തിലുള്ള കടക്കാരുടെ സമിതി (CoC), വരുന്ന ആഴ്ചയിൽ ലേലത്തിൽ പങ്കെടുത്ത കമ്പനികളുമായി ചർച്ചകൾ ആരംഭിക്കും.

വേദാന്ത 12,500 കോടി രൂപയും, ജിൻഡാൽ പവർ 10,300 കോടി രൂപയും, പിഎൻസി ഇൻഫ്രാടെക് 9,500 കോടി രൂപയുമാണ് ഓഫർ ചെയ്തിരിക്കുന്നത്. എല്ലാ കമ്പനികളോടും തങ്ങളുടെ സാമ്പത്തിക ഓഫറുകൾ പുനഃപരിശോധിച്ച് മെച്ചപ്പെടുത്താൻ കടക്കാരുടെ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.