
കപ്പലിൽ 2 ലക്ഷം ശമ്പളം വാഗ്ദാനം; കോടികൾ തട്ടിയ സംഘത്തിലെ യുവതി കൊച്ചിയിൽ പിടിയിൽ
കൊല്ലം: വിദേശ കപ്പലുകളിൽ വൻ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയായ യുവതി അറസ്റ്റിൽ. കൊല്ലം കല്ലട സ്വദേശിനിയായ ചിഞ്ചു അനീഷിനെയാണ് പുനലൂർ പോലീസ് കൊച്ചിയിൽ നിന്നും പിടികൂടിയത്. പുനലൂർ കറവൂർ സ്വദേശി നിഷാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതിമാസം രണ്ടുലക്ഷം രൂപ ശമ്പളമുള്ള കപ്പൽ ജോലിയാണ് നിഷാദിന് വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ച് വായ്പയെടുത്തും മറ്റും 2023 മെയ് മുതൽ നവംബർ വരെയുള്ള കാലയളവിൽ പലതവണയായി പതിനൊന്നര ലക്ഷം രൂപ നിഷാദ് സംഘത്തിന് കൈമാറി.
സമൂഹമാധ്യമങ്ങളിലെ ആകർഷകമായ പരസ്യം കണ്ടാണ് നിഷാദ് ഇവരെ ബന്ധപ്പെട്ടത്. ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി അഭിമുഖം നടത്തി വിശ്വാസ്യത നേടിയെടുത്തായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതി.
നിഷാദിനെപ്പോലെ നിരവധി ചെറുപ്പക്കാരാണ് ഈ തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീണത്. പരാതികൾ വ്യാപകമായതോടെ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘ടാലന്റ് വീസ എച്ച്ആർ കൺസൾട്ടൻസി’ എന്ന സ്ഥാപനം ഇവർ പൂട്ടിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ബിനിലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.