
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ജോലിക്ക് പ്രവേശിക്കുന്നവരിൽ 45 ശതമാനം പേരും ആറ് മാസത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുന്നുവെന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു ലക്ഷം കോടി രൂപയുടെ ‘എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ്’ (ELI) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇപിഎഫ്ഒ (EPFO) ഡാറ്റ പ്രകാരം, പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവരിൽ 45 ശതമാനം പേരും ആദ്യ ആറ് മാസത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത്തരത്തിൽ ജോലി ഉപേക്ഷിക്കുന്നത് വഴി ജീവനക്കാർക്ക് ലഭിക്കേണ്ട തൊഴിൽ പരിശീലനം (on-job training) നഷ്ടമാകുന്നു, ഇത് അവർക്ക് പിന്നീട് പുതിയ ജോലി ലഭിക്കുന്നതിന് വലിയ തടസ്സമായി മാറുന്നു. ഈ പ്രശ്നം മറികടക്കുകയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2024-25 ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്.
പദ്ധതി ഇങ്ങനെ: ജീവനക്കാർക്കും തൊഴിലുടമകൾക്കും നേട്ടം
രണ്ട് ഭാഗങ്ങളുള്ള പദ്ധതിയാണ് ഇഎൽഐ. ഇതിൽ പാർട്ട് എ ആദ്യമായി ജോലിക്ക് പ്രവേശിക്കുന്നവർക്കും, പാർട്ട് ബി തൊഴിലുടമകൾക്കും വേണ്ടിയുള്ളതാണ്.
പാർട്ട് എ: ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ
- ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള പുതിയ ജീവനക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
- ഇവർക്ക് ഒരു മാസത്തെ ഇപിഎഫ് വിഹിതം (പരമാവധി 15,000 രൂപ വരെ) രണ്ട് ഗഡുക്കളായി നൽകും.
- ആദ്യ ഗഡു ആറ് മാസത്തെ സേവനത്തിന് ശേഷവും, രണ്ടാം ഗഡു 12 മാസത്തെ സേവനവും ഒരു സാമ്പത്തിക സാക്ഷരതാ പരിപാടിയും പൂർത്തിയാക്കിയ ശേഷവും നൽകും.
- ഈ പദ്ധതി വഴി ഏകദേശം 1.92 കോടി ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പാർട്ട് ബി: തൊഴിലുടമകൾക്കുള്ള ആനുകൂല്യങ്ങൾ
- പുതിയതായി നിയമിക്കുന്ന ഓരോ അധിക ജീവനക്കാരനും (ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർ) രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ വരെ തൊഴിലുടമയ്ക്ക് ഇൻസെന്റീവായി സർക്കാർ നൽകും. ജീവനക്കാരൻ കുറഞ്ഞത് ആറ് മാസമെങ്കിലും ജോലിയിൽ തുടരണമെന്നതാണ് നിബന്ധന.
- നിർമ്മാണ മേഖലയിലെ തൊഴിലുടമകൾക്ക് ഈ ആനുകൂല്യം മൂന്നും നാലും വർഷത്തേക്ക് കൂടി നീട്ടി നൽകും.
- ഈ ഭാഗത്തിലൂടെ ഏകദേശം 2.60 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സർക്കാർ കണക്കാക്കുന്നു.
ഫണ്ടും നടത്തിപ്പും
പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ ഒരു ലക്ഷം കോടി രൂപ പൂർണ്ണമായും ബജറ്റിൽ നിന്ന് വകയിരുത്തും, ഇപിഎഫ്ഒ ഫണ്ടിൽ നിന്ന് പണം ഉപയോഗിക്കില്ല. ഇപിഎഫ്ഒ വഴിയാണ് പദ്ധതി നടപ്പിലാക്കുക. 2025 ഓഗസ്റ്റ് 1 മുതൽ 2027 ജൂലൈ 31 വരെ സൃഷ്ടിക്കപ്പെടുന്ന ജോലികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.