FinanceNews

ഒരേ വരുമാനത്തിന് 7 തവണ നികുതി, യുവാവിന്റെ പോസ്റ്റ് വൈറൽ

ന്യൂഡൽഹി: ശമ്പള വരുമാനത്തിൽ നിന്ന് ഇന്ത്യയിൽ ഒരാൾക്ക് എത്ര തവണ നികുതി നൽകേണ്ടി വരും? ഒന്നല്ല, രണ്ടല്ല, ഏഴ് തവണ വരെ ഒരേ പണത്തിന് നികുതി നൽകേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറല്‍. സച്ചിൻ ജി എന്നയാളുടെ പോസ്റ്റാണ് ശമ്പളക്കാരായ മധ്യവർഗ്ഗം നേരിടുന്ന നികുതി ഭാരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയത്.

“ഒരിക്കലല്ല, രണ്ടല്ല. ഒരേ പണത്തിന് നമ്മൾ ഏഴ് തവണ നികുതി നൽകുന്നു,” എന്ന് സച്ചിൻ തന്റെ പോസ്റ്റിൽ കുറിച്ചു. സ്വന്തം പണം ഉപയോഗിക്കാൻ ഒരു ‘സബ്സ്ക്രിപ്ഷൻ’ എടുക്കുന്നത് പോലെയാണ് ഇതെന്നും, ഇതിനെ ‘ടാക്സ്-ആസ്-എ-സർവീസ് (TaaS)’ എന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഒരേ പണത്തിന് 7 നികുതികൾ

സച്ചിൻ ജി ചൂണ്ടിക്കാണിക്കുന്ന ഏഴ് നികുതികൾ ഇവയാണ്:

  1. ആദായനികുതി (Income Tax): ശമ്പളം ലഭിക്കുമ്പോൾ തന്നെ നൽകുന്നത്.
  2. ജിഎസ്ടി (GST): ഭക്ഷണം കഴിക്കുമ്പോഴോ, സാധനങ്ങൾ വാങ്ങുമ്പോഴോ നൽകുന്നത്.
  3. എക്സൈസ് ഡ്യൂട്ടി (Excise Duty): വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ നൽകുന്നത്.
  4. വാറ്റ് (VAT): മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് നൽകുന്നത്.
  5. സ്റ്റാമ്പ് ഡ്യൂട്ടി: ഭൂമിയോ വീടോ വാങ്ങുമ്പോൾ നൽകുന്നത്.
  6. പ്രോപ്പർട്ടി ടാക്സ്: സ്വന്തമായുള്ള വസ്തുവിന് വർഷാവർഷം നൽകുന്നത്.
  7. ക്യാപിറ്റൽ ഗെയിൻസ്/ഡിവിഡന്റ് ടാക്സ്: നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭിക്കുമ്പോൾ നൽകുന്നത്.

ടിഡിഎസ് കിഴിച്ച് കയ്യിൽ കിട്ടുന്ന പണം ഓരോ തവണ ഉപയോഗിക്കുമ്പോഴും പലതരം നികുതികളായി വീണ്ടും സർക്കാരിലേക്ക് തന്നെ പോകുന്ന കാര്യമാണ് പോസ്റ്റ് പങ്കുവെക്കുന്നത്.

സിഎംഒ ആയ അമിത് തിലേക്കറുടെ, “എന്തിനാണ് നമ്മൾ ഒരേ പണത്തിന് രണ്ട് തവണ നികുതി നൽകുന്നത്?” എന്ന ചോദ്യം പങ്കുവെച്ചുകൊണ്ടായിരുന്നു സച്ചിന്റെ പോസ്റ്റ്. സത്യസന്ധമായി വരുമാനം നേടുന്ന പ്രൊഫഷണലുകൾ എല്ലാ ഭാഗത്തുനിന്നും പിഴിയപ്പെടുന്നു എന്ന സാധാരണക്കാരന്റെ ആശങ്കയാണ് ഈ പോസ്റ്റുകൾക്ക് ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് പിന്നിൽ.