FinanceNationalNews

സാമ്പത്തിക സമത്വം: ഇന്ത്യ നാലാം സ്ഥാനത്ത്; ലോകബാങ്ക് കണക്കുകൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയതായി കേന്ദ്ര സർക്കാർ. ലോകബാങ്കിന്റെ കണക്കുകൾ ഉദ്ധരിച്ച്, സാമ്പത്തിക സമത്വത്തിൽ ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തിക സഹായം, ക്ഷേമപദ്ധതികൾ എന്നിവയിലെ കേന്ദ്ര സർക്കാരിന്റെ നയപരമായ ശ്രദ്ധയാണ് ഈ നേട്ടത്തിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

വരുമാനം, സമ്പത്ത്, ഉപഭോഗം എന്നിവ ഒരു രാജ്യത്ത് എത്രത്തോളം തുല്യമായി വിതരണം ചെയ്യപ്പെടുന്നു എന്ന് അളക്കുന്നതിനുള്ള സൂചികയാണ് ജിനി ഇൻഡെക്സ് (Gini Index). പൂജ്യം സമത്വത്തെയും, 100 പൂർണ്ണമായ അസമത്വത്തെയും കുറിക്കുന്നു. ജിനി സൂചിക കുറഞ്ഞിരിക്കുന്നത് അസമത്വം കുറഞ്ഞുവരുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ ജിനി സൂചിക 2011-12 ലെ 28.8 ൽ നിന്ന് 2022-23 ൽ 25.5 ആയി മെച്ചപ്പെട്ടു.

ഈ കണക്കനുസരിച്ച്, സ്ലോവാക്യൻ റിപ്പബ്ലിക് (24.1), സ്ലൊവേനിയ (24.3), ബെലാറസ് (24.4) എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഐസ്‌ലാൻഡ്, നോർവേ, ഫിൻലാൻഡ്, ബെൽജിയം തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.

ദാരിദ്ര്യത്തിൽ വലിയ കുറവ്

ലോകബാങ്കിന്റെ സ്പ്രിംഗ് 2025 ലെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ദശാബ്ദത്തിനുള്ളിൽ 17.1 കോടി ഇന്ത്യക്കാരെ തീവ്ര ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സാധിച്ചു. പ്രതിദിനം 2.15 ഡോളറിൽ താഴെ വരുമാനമുള്ളവരുടെ എണ്ണം 2012-ലെ 16.2 ശതമാനത്തിൽ നിന്ന് 2023-ൽ 2.3 ശതമാനമായി കുത്തനെ കുറഞ്ഞു. ലോകബാങ്കിന്റെ പുതിയ മാനദണ്ഡമായ 3 ഡോളർ അനുസരിച്ച്, ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 5.3 ശതമാനമാണ്.

ക്ഷേമപദ്ധതികൾ തുണയായി

പിഎം ജൻ ധൻ, ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ, ആയുഷ്മാൻ ഭാരത്, സ്റ്റാൻഡ് അപ്പ് ഇന്ത്യ, പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന, പിഎം വിശ്വകർമ്മ തുടങ്ങിയ ക്ഷേമപദ്ധതികളാണ് അസമത്വം കുറയ്ക്കാൻ സഹായിച്ചതെന്ന് സർക്കാർ റിപ്പോർട്ടിൽ പറയുന്നു. “മെച്ചപ്പെട്ട ജിനി സൂചിക വെറുമൊരു സംഖ്യയല്ല. ഇത് ജനങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടുതൽ കുടുംബങ്ങൾക്ക് ഇപ്പോൾ ഭക്ഷണം, ബാങ്കിംഗ്, ആരോഗ്യം, തൊഴിൽ എന്നിവ ലഭ്യമാകുന്നുണ്ട്,” എന്ന് റിപ്പോർട്ട് ഉപസംഹരിക്കുന്നു.