
ചരക്ക് നീക്കത്തിൽ റെക്കോർഡ് നേട്ടവുമായി അദാനി കൃഷ്ണപട്ടണം തുറമുഖം; ജൂണിൽ കൈകാര്യം ചെയ്തത് 58.5 ലക്ഷം മെട്രിക് ടൺ
കൃഷ്ണപട്ടണം: ചരക്ക് നീക്കത്തിൽ തുടർച്ചയായ രണ്ടാം മാസവും റെക്കോർഡ് നേട്ടം കൈവരിച്ച് അദാനി കൃഷ്ണപട്ടണം പോർട്ട് ലിമിറ്റഡ് (AKPL). 2025 ജൂൺ മാസത്തിൽ 5.85 ദശലക്ഷം മെട്രിക് ടൺ (58.5 ലക്ഷം മെട്രിക് ടൺ) ചരക്ക് കൈകാര്യം ചെയ്താണ് തുറമുഖം പുതിയ റെക്കോർഡ് സ്ഥാപിച്ചത്. മെയ് മാസത്തിലെ 5.74 ദശലക്ഷം മെട്രിക് ടണ്ണിന്റെ റെക്കോർഡാണ് ഇതോടെ മറികടന്നത്.
ഈ നാഴികക്കല്ല്, ഓരോ ടീം അംഗത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും തടസ്സമില്ലാത്ത ഏകോപനത്തിന്റെയും തെളിവാണെന്ന് എകെപിഎൽ സിഇഒ ജഗദീഷ് പട്ടേൽ പറഞ്ഞു. “ഞങ്ങളുടെ ടീമുകൾക്കും, വെണ്ടർ പങ്കാളികൾക്കും, ഉപഭോക്താക്കൾക്കും ഈ നേട്ടം സാധ്യമാക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി. തുറമുഖത്തിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഇത്രയും വലിയ അളവിൽ ചരക്ക് കൈകാര്യം ചെയ്യുന്നത്, ഇത് വലിയ അഭിമാനത്തിന്റെ നിമിഷമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മികച്ച പ്രകടനം, ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഒരു പ്രമുഖ ലോജിസ്റ്റിക്സ്, കാർഗോ ഹബ്ബുകളിലൊന്നെന്ന നിലയിൽ അദാനി കൃഷ്ണപട്ടണം തുറമുഖത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു. രാജ്യത്തിന്റെ വളർന്നുവരുന്ന സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കാണ് ഈ തുറമുഖം വഹിക്കുന്നത്.