
മുംബൈ: കടക്കെണിയിലായ പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ജയപ്രകാശ് അസോസിയേറ്റ്സിനെ (ജെപി അസോസിയേറ്റ്സ്) ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് രംഗത്ത്. 12,500 കോടി രൂപയുടെ ബിഡ് സമർപ്പിച്ച് അദാനി ഗ്രൂപ്പ് മുൻപന്തിയിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലും, ജെപി അസോസിയേറ്റ്സിന്റെ ഓഹരികൾ വെള്ളിയാഴ്ച 5 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി.
ഇൻസോൾവൻസി നടപടികൾ നേരിടുന്ന ജെപി അസോസിയേറ്റ്സിനെ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് 8,000 കോടി രൂപ മുൻകൂറായി നൽകാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ദാൽമിയ ഗ്രൂപ്പിൽ നിന്ന് അദാനിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. ജെപിയുടെ സ്പോർട്സ് സിറ്റി പദ്ധതിയയുമായി ബന്ധപ്പെട്ട ഒരു നിയമപരമായ തടസ്സം സുപ്രീം കോടതിയിൽ പരിഹരിക്കപ്പെട്ടാൽ, ദാൽമിയ ഗ്രൂപ്പ് അദാനിയേക്കാൾ മികച്ച ഓഫർ നൽകാൻ സാധ്യതയുണ്ട്.
ഈ വാർത്തകൾക്കിടയിലും, ജെപി അസോസിയേറ്റ്സിന്റെ ഓഹരി വില 5 ശതമാനം ഇടിഞ്ഞ് 3.07 രൂപയിലെത്തി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 51 ശതമാനത്തിന്റെ ഇടിവാണ് ഓഹരിക്കുണ്ടായത്. ഒരു വർഷം മുൻപ് 10.60 രൂപയായിരുന്ന 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 71 ശതമാനത്തിലധികം ഇടിവാണ് ഓഹരി വിലയിലുണ്ടായത്.
നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ (NARCL) നേതൃത്വത്തിലുള്ള കടക്കാർ, വരുന്ന ആഴ്ചയിൽ ജെപി അസോസിയേറ്റ്സിനെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച കമ്പനികളുമായി ചർച്ചകൾ ആരംഭിക്കും. അദാനി ഗ്രൂപ്പ്, ദാൽമിയ ഭാരത് ഗ്രൂപ്പ്, പിഎൻസി ഇൻഫ്രാസ്ട്രക്ചർ, വേദാന്ത, ജിൻഡാൽ സ്റ്റീൽ & പവർ എന്നിവയാണ് റെസല്യൂഷൻ പ്ലാനുകൾ സമർപ്പിച്ച മറ്റ് പ്രമുഖ കമ്പനികൾ.
ജെപി അസോസിയേറ്റ്സിന്റെ സിമന്റ്, റിയൽ എസ്റ്റേറ്റ് ആസ്തികളിലാണ് അദാനി ഗ്രൂപ്പിന് പ്രധാനമായും താൽപര്യം. അതേസമയം, ന്യൂഡൽഹിക്ക് സമീപമുള്ള ജെപിയുടെ സ്പോർട്സ് സിറ്റി പദ്ധതിക്കായി അനുവദിച്ച 1,000 ഹെക്ടർ ഭൂമി റദ്ദാക്കിയ യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ തീരുമാനം അലഹബാദ് ഹൈക്കോടതി ശരിവെച്ചത് കമ്പനിക്ക് മറ്റൊരു തിരിച്ചടിയായി.