News

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് (48) മരിച്ചത്. മകളുടെ ചികിത്സയ്ക്കായി കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം പുറത്തെടുത്തത്. രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് പ്രതിപക്ഷം ഉൾപ്പെടെ രംഗത്തെത്തി.

ഇന്ന് (വ്യാഴാഴ്ച) രാവിലെ പതിനൊന്നുമണിയോടെയാണ് ആശുപത്രിയിലെ പതിനാലാം വാർഡിനോട് ചേർന്നുള്ള ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണത്. ട്രോമ കെയറിൽ ചികിത്സയിലുള്ള മകളുടെ കൂട്ടിരിപ്പുകാരിയായ ബിന്ദു, ഈ സമയം ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു.

വിവാദം; രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം

തകർന്നുവീണ കെട്ടിടഭാഗം ഉപയോഗിക്കുന്നില്ലായിരുന്നെന്നും, പുതിയ കെട്ടിടത്തിലേക്ക് വാർഡുകൾ മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്നുമാണ് സംഭവസ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും പറഞ്ഞത്. എന്നാൽ, ‘ആളൊഴിഞ്ഞ കെട്ടിടം’ എന്ന് പറഞ്ഞ് അധികൃതർ തെറ്റിദ്ധരിപ്പിച്ചതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധവും നടന്നു.

അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശിനിയായ അലീന വിൻസെന്റ് (11) എന്ന കുട്ടിക്കും, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ ആശുപത്രി ജീവനക്കാരൻ അമൽ പ്രദീപിനും നിസ്സാര പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് 10, 11, 14 വാർഡുകളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ തന്നെ ഒഴിപ്പിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം തയ്യാറായിരുന്നിട്ടും പഴയ കെട്ടിടത്തിൽ രോഗികളെ പാർപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന വിമർശനവും ശക്തമാണ്.