BusinessNews

കുതിപ്പ് തുടർന്ന് സ്വർണവില; നാല് ദിവസം കൊണ്ട് പവന് കൂടിയത് 1500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് (ജൂലൈ 3, വ്യാഴാഴ്ച) 320 രൂപ വർധിച്ച് 72,840 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കൂടി 9,105 രൂപയിലുമെത്തി. ജൂലൈ മാസം ആരംഭിച്ചതിന് ശേഷം തുടർച്ചയായി നാലാം ദിവസമാണ് വില വർധിക്കുന്നത്. ഈ നാല് ദിവസം കൊണ്ട് മാത്രം പവന് 1,500 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ജൂൺ അവസാനത്തോടെ വില കുറഞ്ഞത് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ നൽകിയിരുന്നെങ്കിലും, ജൂലൈ ആരംഭിച്ചതോടെ വില വീണ്ടും കുതിച്ചുയരുകയായിരുന്നു. ജൂലൈ ഒന്നിന് 840 രൂപ വർധിച്ച് 72,160 രൂപയിലെത്തിയ സ്വർണവില, രണ്ടാം തീയതി 360 രൂപ കൂടി 72,520 രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില ഉയർന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.

വാങ്ങുമ്പോൾ നൽകേണ്ട വില

വിപണി വിലയ്ക്കൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംഗ് ചാർജ് എന്നിവ കൂടി ചേർത്താൽ മാത്രമേ ഒരു പവൻ സ്വർണാഭരണം കൈയ്യിൽ കിട്ടുകയുള്ളൂ. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും, സ്വർണ്ണത്തിന്റെ വിലയ്ക്കും പണിക്കൂലിക്കും ചേർത്ത് മൂന്ന് ശതമാനം ജിഎസ്ടിയും, ഹാൾമാർക്കിംഗ് ചാർജും നൽകേണ്ടിവരും.

അതേസമയം, ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനമനുസരിച്ച്, 2026-ൽ സ്വർണവിലയിൽ വലിയ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ഔൺസ് സ്വർണത്തിന് നിലവിൽ 3330 ഡോളറാണെങ്കിൽ, അടുത്ത വർഷം ഇത് 4,000 ഡോളറിലെത്തുമെന്നാണ് പ്രവചനം.