
ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തിന് ചൈനീസ് ഇടങ്കോല്; 300-ൽ അധികം എഞ്ചിനീയർമാരെ തിരിച്ചുവിളിച്ചു, യന്ത്രങ്ങൾക്കും വിലക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ ഐഫോൺ നിർമ്മാണം വർധിപ്പിക്കാനുള്ള ആപ്പിളിന്റെ ബൃഹത്തായ പദ്ധതികൾക്ക് ചൈനയുടെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടി. ആപ്പിളിന്റെ പ്രധാന നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ, ഇന്ത്യയിലെ തങ്ങളുടെ ഫാക്ടറികളിൽ നിന്ന് 300-ൽ അധികം ചൈനീസ് എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും തിരികെ ചൈനയിലേക്ക് അയച്ചു.
ഇതിന് പുറമെ, ഐഫോൺ നിർമ്മാണത്തിന് ആവശ്യമായ പ്രധാനപ്പെട്ട യന്ത്രസാമഗ്രികളുടെ കയറ്റുമതി ചൈന വൈകിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.
ഈ നീക്കം ഇന്ത്യയിലെ ആപ്പിളിന്റെ വിപുലീകരണ പദ്ധതികളുടെ വേഗതയെ കാര്യമായി ബാധിക്കുമെന്നും, വരാനിരിക്കുന്ന ഐഫോൺ 17 സീരീസിന്റെ, പ്രത്യേകിച്ച് പ്രോ മോഡലുകളുടെ, ഉത്പാദനത്തെയും കയറ്റുമതിയെയും ഇത് താളം തെറ്റിക്കുമെന്നും വ്യവസായ വൃത്തങ്ങൾ അറിയിച്ചു.
‘മേക്ക് ഇൻ ഇന്ത്യ’ തകർക്കാനുള്ള ശ്രമം
ആഗോള വിതരണ ശൃംഖല ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറുന്നത് തടയാനുള്ള ചൈനയുടെ ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെ വിലയിരുത്തുന്നത്. “കഴിഞ്ഞ ദശാബ്ദത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ നേടിയ വിജയം തകർക്കാനുള്ള ചൈനയുടെ ഒരു അടവാണിത്,” എന്ന് ടെക്അർക്കിലെ അനലിസ്റ്റായ ഫൈസൽ കവൂസ പറഞ്ഞു. ഇതൊരു സർക്കാർ തലത്തിലുള്ള വിഷയമാണെന്നും, ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തെ (MeitY) ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പ്രതിസന്ധി മറികടക്കാൻ ഫോക്സ്കോൺ
ചൈനീസ് എഞ്ചിനീയർമാർ മടങ്ങിപ്പോകുന്ന ഒഴിവിലേക്ക് തായ്വാനിൽ നിന്നും വിയറ്റ്നാമിൽ നിന്നുമുള്ള തൊഴിലാളികളെ കൊണ്ടുവരാൻ ഫോക്സ്കോൺ ശ്രമിക്കുന്നുണ്ട്. കൂടാതെ, നിലവിൽ ചൈനീസ് ഭാഷയിൽ പ്രവർത്തിക്കുന്ന പല യന്ത്രങ്ങളും ഇന്ത്യൻ തൊഴിലാളികൾക്ക് എളുപ്പത്തിൽ പ്രവർത്തിപ്പിക്കാനായി ഇംഗ്ലീഷ് ഭാഷയിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ആഗോള ഐഫോൺ ഉത്പാദനത്തിന്റെ 20 ശതമാനത്തിലധികവും നടക്കുന്നത് ഇന്ത്യയിലാണ്. 2026 അവസാനത്തോടെ, അമേരിക്കൻ വിപണിയിലേക്കുള്ള ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ, ഇന്ത്യയിലെ ഉത്പാദനം 22 ബില്യൺ ഡോളറിൽ നിന്ന് 40 ബില്യൺ ഡോളറിലധികം ആയി ഇരട്ടിയാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ചൈനയുടെ പുതിയ നീക്കങ്ങൾ ആപ്പിളിനും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.