Business

ഫാക്ടറി ദുരന്തത്തിന് പിന്നാലെ ഓഹരി വിപണിയിലും വൻ തകർച്ച; സിഗാച്ചി ഇൻഡസ്ട്രീസ് ഓഹരികൾ കൂപ്പുകുത്തി

മുംബൈ: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ റിയാക്ടർ സ്ഫോടനത്തിൽ 42 പേർ മരിച്ചതിന് പിന്നാലെ, കമ്പനിയായ സിഗാച്ചി ഇൻഡസ്ട്രീസിന്റെ ഓഹരികൾക്ക് വിപണിയിൽ കനത്ത തിരിച്ചടി. ദുരന്ത വാർത്ത പുറത്തുവന്നതോടെ ഓഹരി വില തുടർച്ചയായ രണ്ടാം ദിവസവും കൂപ്പുകുത്തി. രണ്ട് ദിവസം കൊണ്ട് ഏകദേശം 18 ശതമാനത്തിന്റെ ഇടിവാണ് കമ്പനിയുടെ ഓഹരി വിലയിൽ രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെ ഓഹരി വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ ഓഹരി വില 7% ഇടിഞ്ഞ് 45.42 രൂപയിലെത്തി. തെലങ്കാനയിലെ പശമൈലാറമിലുള്ള പ്ലാന്റിലെ സ്ഫോടനത്തെ തുടർന്ന്, പ്ലാന്റിന്റെ പ്രവർത്തനം 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിരുന്നു. ഇതാണ് ഓഹരി വിലയിൽ കനത്ത ഇടിവുണ്ടാകാൻ പ്രധാന കാരണം.

ജൂൺ 30-ന്, തിങ്കളാഴ്ചയാണ് സിഗാച്ചി ഇൻഡസ്ട്രീസിന്റെ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് വൻ ദുരന്തമുണ്ടായത്. തീപിടിത്തത്തിലും സ്ഫോടനത്തിലും ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. “ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു,” എന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സ്ഫോടനത്തിൽ ഫാക്ടറിയിലെ പ്രധാന ഉപകരണങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് പ്രവർത്തനം മൂന്ന് മാസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചത്. ദുരന്തത്തിന്റെ ആഘാതവും ഉത്പാദനം നിർത്തിവെക്കുന്നതും കമ്പനിയുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് നിക്ഷേപകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.