
മുംബൈ: ഇന്ത്യയിലെ രണ്ട് വ്യവസായ ഭീമന്മാരായ മുകേഷ് അംബാനിയുടെ റിലയൻസും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും തമ്മിൽ നിർണായക സഹകരണത്തിന് ധാരണയായി. രാജ്യത്തെ ഇന്ധന-വാതക വിതരണ രംഗത്ത് ഒരുമിച്ച് പ്രവർത്തിക്കാനാണ് ഇരുകമ്പനികളും തീരുമാനിച്ചിരിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ, ഊർജ്ജ വിപണിയിൽ പുതിയൊരു മത്സരത്തിന് കളമൊരുങ്ങുകയാണ്.
കരാർ പ്രകാരം, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്റെ (ATGL) തിരഞ്ഞെടുത്ത പമ്പുകളിൽ ഇനി റിലയൻസിന്റെ ജിയോ-ബിപി വികസിപ്പിച്ച പെട്രോളും ഡീസലും ലഭ്യമാകും.
ഇതിന് പകരമായി, ജിയോ-ബിപിയുടെ രണ്ടായിരത്തോളം വരുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ അദാനിയുടെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) വിതരണ യൂണിറ്റുകൾ സ്ഥാപിക്കും. നിലവിലുള്ളതും ഭാവിയിൽ വരുന്നതുമായ ഔട്ട്ലെറ്റുകൾക്ക് ഈ കരാർ ബാധകമാണ്.
രണ്ടാമത്തെ വലിയ കൂട്ടുകെട്ട്
ഈ വർഷം ഇത് രണ്ടാം തവണയാണ് അംബാനിയുടെയും അദാനിയുടെയും കമ്പനികൾ തമ്മിൽ സഹകരണത്തിൽ ഏർപ്പെടുന്നത്. ഈ വർഷം മാർച്ചിൽ അദാനി പവറിന്റെ യൂണിറ്റായ മഹാൻ എനർജന്റെ 26 ശതമാനം ഓഹരി റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന രംഗത്തെ ഈ പുതിയ പങ്കാളിത്തം.
“ഈ പങ്കാളിത്തം ഇരു കമ്പനികളുടെയും അടിസ്ഥാന സൗകര്യങ്ങൾ പരസ്പരം പ്രയോജനപ്പെടുത്താനും ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനും സഹായിക്കും,” എന്ന് അദാനി ടോട്ടൽ ഗ്യാസ് സിഇഒ സുരേഷ് പി മംഗ്ലാനി പറഞ്ഞു. ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ ഈ കൂട്ടുകെട്ടിന് സാധിക്കുമെന്ന് ജിയോ-ബിപി ചെയർമാൻ സാർത്ഥക് ബെഹൂരിയയും പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിൽ രാജ്യത്തെ 97,000 ഇന്ധന ഔട്ട്ലെറ്റുകളിൽ ഏകദേശം 90 ശതമാനവും എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി തുടങ്ങിയ പൊതുമേഖലാ കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഈ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താൻ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ രണ്ട് കമ്പനികൾ ഒന്നിക്കുന്നതിലൂടെ സാധിക്കും. അദാനി ടോട്ടൽ ഗ്യാസിന് നിലവിൽ 650-ഓളം സിഎൻജി സ്റ്റേഷനുകളാണുള്ളത്.