
ന്യൂഡൽഹി: കടക്കെണിയിൽ മുങ്ങിത്തുടങ്ങിയ ടെലികോം ഭീമനായ വോഡഫോൺ ഐഡിയയെ (VI) തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കമ്പനിയുടെ 84,000 കോടി രൂപയുടെ ഭീമമായ കുടിശ്ശികയിൽ ഇളവുകൾ നൽകുന്നതിനായി ഒരു രക്ഷാ പാക്കേജ് സർക്കാർ പരിഗണിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ, ചൊവ്വാഴ്ച വോഡഫോൺ ഐഡിയയുടെ ഓഹരികൾ 6 ശതമാനത്തിലധികം ഉയർന്നു.
2026-ഓടെ സർക്കാർ സഹായമില്ലെങ്കിൽ പ്രവർത്തനം തുടരാനാവില്ലെന്നും പാപ്പരത്തത്തിനായി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (NCLT) സമീപിക്കേണ്ടി വരുമെന്നും വോഡഫോൺ ഐഡിയ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടലിന് ഒരുങ്ങുന്നത്. കമ്പനിയുടെ 49% ഓഹരികളും കൈവശം വെച്ചിരിക്കുന്ന ഏറ്റവും വലിയ പങ്കാളി കേന്ദ്രസർക്കാർ തന്നെയാണ്.
സർക്കാർ പരിഗണിക്കുന്ന ഇളവുകൾ
കമ്പനിക്ക് ആശ്വാസം നൽകുന്നതിനായി പല നിർദ്ദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിൽ പ്രധാനപ്പെട്ടവ ഇവയാണ്:
- തിരിച്ചടവ് കാലാവധി നീട്ടുന്നു: എജിആർ കുടിശ്ശിക തിരിച്ചടയ്ക്കാനുള്ള കാലാവധി നിലവിലെ ആറ് വർഷത്തിൽ നിന്ന് 20 വർഷമായി നീട്ടിനൽകുക.
- പലിശയിളവ്: കുടിശ്ശികയിന്മേലുള്ള കൂട്ടുപലിശയ്ക്ക് പകരം സാധാരണ പലിശ ഈടാക്കുക.
- താൽക്കാലിക ആശ്വാസം: കുടിശ്ശിക വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും വരെ, വർഷം തോറും 1,000-1,500 കോടി രൂപയുടെ ചെറിയ തുക അടയ്ക്കാൻ അനുവദിക്കുക.
‘രണ്ടേ രണ്ട് കമ്പനികൾ മാത്രം പോരാ’ – കേന്ദ്രമന്ത്രി
ടെലികോം രംഗത്ത് രണ്ടോ മൂന്നോ കമ്പനികൾ മാത്രമായി ചുരുങ്ങുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയത് ഈ നീക്കങ്ങൾക്ക് ശക്തി പകരുന്നു. “എല്ലാ മേഖലയിലും മത്സരം നിലനിൽക്കണം. ഇന്ത്യയെപ്പോലൊരു രാജ്യത്തിന് രണ്ടേ രണ്ട് സേവനദാതാക്കളെ മാത്രം ആശ്രയിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു. റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രം വിപണിയിൽ അവശേഷിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി ഈ രക്ഷാ പാക്കേജിന് പിന്നിലുണ്ട്.
2025 സെപ്റ്റംബറിൽ നാലുവർഷത്തെ മൊറട്ടോറിയം അവസാനിക്കുന്നതോടെ വോഡഫോൺ ഐഡിയ വൻ തിരിച്ചടവുകൾക്ക് നിർബന്ധിതരാകും. 2026 മാർച്ചിനകം 12,000 കോടി രൂപയും, തുടർന്ന് 2027 മുതൽ 2031 വരെ ഓരോ വർഷവും 43,000 കോടി രൂപയും കമ്പനി സർക്കാരിലേക്ക് അടയ്ക്കേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത് അസാധ്യമാണെന്ന തിരിച്ചറിവിലാണ് സർക്കാർ രക്ഷാഹസ്തവുമായി എത്തുന്നത്.