FinanceNationalNews

ക്ഷാമബത്ത കുടിശിക: കേരളം നമ്പർ വൺ ! കുടിശിക അനുവദിച്ച് നാഗാലാൻഡും; ഇതോടെ കുടിശിക ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം 13 ആയി ഉയർന്നു

ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി നാഗാലാൻഡ് . കുടിശിക ആയിരുന്ന 2 ശതമാനം ക്ഷാമബത്ത മെയ് 1 ന് അനുവദിച്ച് ഉത്തരവിറക്കിയതോടെയാണ് നാഗാലാൻഡ് ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി മാറിയത്. 2025 ജനുവരി പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് അനുവദിച്ചത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കുടിശിക ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ലയിപ്പിച്ചു. പെൻഷൻകാർക്ക് 2 ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചിട്ടുണ്ട് . ഇവർക്ക് കുടിശിക പണമായും നൽകി.

ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം 13 ആയി ഉയർന്നു. നാഗാലാൻഡിനെ കൂടാതെ രാജസ്ഥാൻ ഒഡീഷ ,
ഗുജറാത്ത്,ഗോവ, ആസാം, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽപ്രദേശ്, കാശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ആണ് ക്ഷാമബത്ത കുടിശിക ഇല്ലാത്ത 13 സംസ്ഥാനങ്ങൾ.

അതേ സമയം രാജ്യത്ത് ക്ഷാമബത്ത കുടിശികയിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. 6 ഗഡു ക്ഷാമബത്തയാണ് കേരളത്തിൽ കുടിശിക . 18 ശതമാനം ആണ് കേരളത്തിൽ ക്ഷാമബത്ത കുടിശിക .ക്ഷാമ ആശ്വാസം 18 ശതമാനം കുടിശിക ആയതോടെ സർവീസ് പെൻഷൻകാർക്ക് ക്ഷാമ ആശ്വാസ കുടിശിക ഇനത്തിലെ ഒരു വർഷത്തെ നഷ്ടം 24,840 രൂപ മുതൽ 1,80,144 വരെയാണ്.

പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം ആണ്. ഐ.എ.എസ് , ഐ.പി.എസ് , ജുഡിഷ്യൽ ഓഫിസർമാർ, പി.എസ്.സി അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് കേരളത്തിൽ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നൽകുന്നതും.

13 സംസ്ഥാനങ്ങളിൽ ക്ഷാമബത്ത കുടിശിക ഇല്ലാതാകുമ്പോൾ കേരളത്തിൽ മാത്രം കുടിശിക കുന്നു കൂടുന്നത് കെ. എൻ. ബാലഗോപാലിൻ്റെ ധനകാര്യ മാനേജ്മെൻ്റിൻ്റെ പിടിപ്പ് കേടാണ് എന്നാണ് ധനകാര്യ വിദഗ്ധർ പറയുന്നത്.