BusinessNews

സ്വർണം വാങ്ങുമ്പോൾ പണിക്കൂലി നൽകി ‘നഷ്ടത്തിലാകണോ’? സ്മാർട്ടായി നിക്ഷേപിച്ച് കൂടുതൽ ലാഭം നേടാനുള്ള 4 വഴികൾ

ഫിനാൻസ് ഡെസ്ക്: മലയാളിക്ക് സ്വർണമൊരു വികാരമാണ്. ആഭരണമായും നിക്ഷേപമായും സ്വർണം വാങ്ങിക്കൂട്ടാൻ നമുക്ക് എപ്പോഴും താൽപര്യമാണ്. എന്നാൽ, ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലിയും ജിഎസ്ടിയും നൽകുന്നതിലൂടെ വലിയൊരു തുക നമുക്ക് നഷ്ടമാകുന്നുണ്ടെന്ന് ഓർത്തിട്ടുണ്ടോ? ഉദാഹരണത്തിന്, ഒരു ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങുമ്പോൾ ഏകദേശം 85,000 രൂപയുടെ സ്വർണം മാത്രമാണ് നമുക്ക് ലഭിക്കുന്നത്.

ഈ നഷ്ടം ഒഴിവാക്കി, സ്വർണത്തിൽ നിന്ന് യഥാർത്ഥ ലാഭം നേടാൻ സഹായിക്കുന്ന ചില ‘സ്മാർട്ട്’ നിക്ഷേപ മാർഗ്ഗങ്ങളുണ്ട്. പണിക്കൂലിയില്ല, സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ട, നികുതിയിളവുമുണ്ട് എന്നതാണ് ഇവയുടെ പ്രധാന ആകർഷണം.

സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ 4 സ്മാർട്ട് വഴികൾ

1. ഗോൾഡ് മ്യൂച്വൽ ഫണ്ട് (Gold Mutual Fund)

  • സാധാരണ മ്യൂച്വൽ ഫണ്ട് പോലെ, ഒറ്റത്തവണയായോ അല്ലെങ്കിൽ മാസം തോറും ചെറിയ തുകകളായോ (SIP) നിക്ഷേപിക്കാം.
  • നിക്ഷേപം തുടങ്ങാൻ ഡിമാറ്റ് അക്കൗണ്ട് ആവശ്യമില്ല.
  • അസറ്റ് മാനേജ്മെന്റ് കമ്പനികൾ വഴി എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും സാധിക്കും.

2. ഗോൾഡ് ഇ.ടി.എഫ് (Gold ETF)

  • സ്റ്റോക്ക് മാർക്കറ്റിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ, സ്വർണത്തിൽ നിക്ഷേപിക്കാനുള്ള വഴിയാണിത്.
  • നിക്ഷേപം തുടങ്ങാൻ ഡിമാറ്റ് അക്കൗണ്ട് നിർബന്ധമാണ്.
  • മാർക്കറ്റ് സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാം.
  • മ്യൂച്വൽ ഫണ്ടിനെ അപേക്ഷിച്ച് ചെലവ് (expense ratio) കുറവാണ്.

3. സോവറിൻ ഗോൾഡ് ബോണ്ട് (Sovereign Gold Bond – SGB)

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നേരിട്ട് പുറത്തിറക്കുന്നതിനാൽ ഏറ്റവും സുരക്ഷിതമായ സ്വർണ നിക്ഷേപ മാർഗ്ഗമാണിത്.
  • എട്ട് വർഷമാണ് കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ലാഭത്തിന് നികുതി നൽകേണ്ടതില്ല.
  • നിക്ഷേപ തുകയ്ക്ക് പ്രതിവർഷം 2.5% പലിശയും ലഭിക്കും.
  • ആർബിഐ ബോണ്ട് പുറത്തിറക്കുന്ന സമയങ്ങളിൽ മാത്രമേ വാങ്ങാൻ സാധിക്കൂ.

4. ഡിജിറ്റൽ ഗോൾഡ് (Digital Gold)

  • ഒരു രൂപയ്ക്ക് പോലും സ്വർണം വാങ്ങി സൂക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
  • ഗൂഗിൾ പേ, ഫോൺപേ പോലുള്ള യുപിഐ ആപ്പുകൾ വഴി എളുപ്പത്തിൽ വാങ്ങാം.
  • എന്നാൽ, ഡിജിറ്റൽ ഗോൾഡ് നൽകുന കമ്പനികളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

നിക്ഷേപകർ ശ്രദ്ധിക്കാൻ

കയ്യിലുള്ള സമ്പാദ്യം മുഴുവൻ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. നിങ്ങളുടെ ആകെ നിക്ഷേപത്തിന്റെ ഒരു ചെറിയ പങ്ക് മാത്രം സ്വർണത്തിനായി മാറ്റിവെക്കുക. സ്വർണത്തിന്റെ വില എപ്പോഴും ഏറിയും കുറഞ്ഞുമിരിക്കും എന്നതിനാൽ, ഒരു സാമ്പത്തിക സുരക്ഷ എന്ന നിലയിൽ മാത്രം സ്വർണ നിക്ഷേപത്തെ കാണുന്നതാണ് ഉചിതം.