InternationalNews

ഇസ്രായേലിന് നേരെ ഇറാന്റെ ‘ആറാഷ്’ ചാവേർ ഡ്രോൺ ആക്രമണം; ഹൈഫയിൽ സ്ഫോടനം

ഇസ്രായേൽ-ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ, യുദ്ധം കൂടുതൽ രൂക്ഷമാക്കി ഇറാൻ. ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്, ഇറാൻ ആദ്യമായി തങ്ങളുടെ ‘ആറാഷ്’ ചാവേർ ഡ്രോണുകൾ (Arash suicide drones) പ്രയോഗിച്ചു. ഇതിന് പുറമെ, നിരവധി ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ഇതോടെ, പശ്ചിമേഷ്യ ഒരു മഹായുദ്ധത്തിന്റെ വക്കിലാണെന്ന ആശങ്ക വർധിച്ചു.  

‘ഓപ്പറേഷൻ ട്രൂ പ്രോമിസ് III’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യാക്രമണത്തിന്റെ പുതിയ ഘട്ടത്തിലാണ് ചാവേർ ഡ്രോണുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഇറാൻ പുറത്തെടുത്തത്. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ചാരവൃത്തി കേന്ദ്രങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ വ്യക്തമാക്കി.

“ലോകം ഞങ്ങളുടെ അത്ഭുതങ്ങൾക്കായി കാത്തിരിക്കുക. ഇറാനിലെ ജനങ്ങളുടെ പിന്തുണയോടെയുള്ള ഈ പ്രതിരോധം വിജയത്തിൽ കലാശിക്കും,” എന്ന് ഓപ്പറേഷന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇറാനിലെ ഔദ്യോഗിക ചാനലായ പ്രസ്സ് ടിവി പുറത്തുവിട്ടു.

ഇസ്രായേലിന്റെ പ്രധാന തുറമുഖ നഗരമായ ഹൈഫയിൽ ഇറാനിയൻ മിസൈൽ നേരിട്ട് പതിച്ചതിനെ തുടർന്ന് വൻതോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്രായേലിന്റെ ‘അയൺ ഡോം’ ഉൾപ്പെടെയുള്ള പല പാളികളുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഇറാനിയൻ മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുന്നതെന്ന് സൈനിക വിദഗ്ധർ വിലയിരുത്തുന്നു.

സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ഇറാനിലുള്ള തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇത് ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾക്കിടയിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആണവപദ്ധതിയെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്.